Skip to main content

മാലിന്യ സംസ്കരണത്തിൽ മുന്നേറ്റവുമായി പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് ഹരിത മിത്രം ആപ്ലിക്കേഷന്റെ എൻറോൾമെന്റ് അവസാനഘട്ടത്തിൽ

 

മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി പൂത്തൃക്ക ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്കരണം സുതാര്യമാക്കുന്നതിനായി കെൽട്രോണുമായി സഹകരിച്ച് ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷന്റെ എൻറോൾമെന്റ് നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതിനുപുറമേ ഉറവിടമാലിന്യ സംസ്ക്കരണത്തിനായി വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നത്.

പഞ്ചായത്തിലെ 75 ശതമാനത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്ളിക്കേഷന്റെ എൻറോൾമെന്റ് പൂർത്തിയായിട്ടുണ്ട്. 14 വാർഡുകളിൽ നിന്നുമുള്ള 12 ഹരിത കർമസേനാംഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 100 ശതമാനം കൈവരിക്കുന്നതോടെ മാലിന്യ നീക്കം കൂടുതൽ   കാര്യക്ഷമമാക്കാനാണ് ഹരിതകർമസേന ലക്ഷ്യമിടുന്നത്. ഇതിനായി പഞ്ചായത്ത് ഭരണ സമിതിയുടെ സഹകരണത്തോടെ ദ്രുതഗതിയിലുള്ള  പ്രവർത്തനങ്ങളാണ്  നടന്നുവരുന്നത്.

പ്രതിദിനം പത്ത് കിലോയിലധികം അജൈവ മാലിന്യങ്ങളാണ് ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (മിനി എം.സി.എഫ്) എത്തിക്കുന്നു. 14 വാർഡുകളിലെയും മാലിന്യങ്ങൾ 9 മിനി എം.സി.എഫുകളിലാണ് ശേഖരിക്കുന്നത്. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് പഞ്ചായത്ത് പരിധിയിലെ മീമ്പാറയിൽ പ്രവർത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (എം.സി.എഫ്) എത്തിക്കും. ഇവിടെ നിന്നും മാലിന്യങ്ങൾ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയിലേക്ക് കയറ്റി അയക്കും. 4 ടണ്ണിലധികം പ്ലാസ്റ്റിക്കായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്തിൽ നിന്ന് നീക്കം ചെയ്തത്.

റോഡ് നിർമാണത്തിനായി ടാറിനോടൊപ്പം ചേർക്കുന്നതിന് കവറുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിക്കുന്നതിനുള്ള വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ ഏക റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തിക്കുന്നതും മീമ്പാറയിലെ എം.സി.എഫിനോട് ചേർന്നാണ്.

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ബയോ ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് കൃഷിഭവന്റെ സഹകരണത്തോടെ ജൈവമൃതം വളം നിർമ്മാണം, ചെടികൾ പച്ചക്കറി തൈകൾ എന്നിവയുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളും പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.

date