Skip to main content

"കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ" : സർവ്വെ  ആരംഭിച്ചു

 

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ "കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ " എന്ന സർവ്വെ ജില്ലയിൽ ആരംഭിച്ചു. ഒന്നാംഘട്ട സർവ്വെയുടെ ഭാഗമായി പ്രവാസികളെ കണ്ടെത്താൻ തെരഞ്ഞെടുത്ത സാമ്പിൾ യൂണിറ്റുകളിലെ മുഴുവൻ വീടുകളിലെയും പട്ടിക തയ്യാറാക്കും. രണ്ടാംഘട്ടത്തിൽ തയ്യാറാക്കിയ പട്ടികയിലുള്ള പ്രവാസികളിൽ നിന്ന് വിശദമായ വിവരം ശേഖരിക്കും.

കോവിഡ് കാലത്ത് പ്രവാസികൾ നേരിട്ട വെല്ലുവിളികൾ പരിഹരിക്കാനുള്ള സർക്കാർ പ്രവർത്തനങ്ങൾ വിലയിരുത്തുക, തൊഴിൽ രഹിതരായി തിരിച്ചെത്തി മടങ്ങിപ്പോകാനാകാത്തവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മനസിലാക്കുക, മടങ്ങി പോകാത്തവർക്ക് സംസ്ഥാനത്ത് തൊഴിൽ സംരംഭങ്ങൾ ഒരുക്കുക, ഉചിതമായ പുനരധിവാസ പാക്കേജ് തയ്യാറാക്കുക തുടങ്ങിയ സ്ഥിതിവിവരങ്ങൾ രൂപപ്പെടുത്തും.

പ്രവാസികളുടെ തൊഴിൽ നൈപുണ്യം സംസ്ഥാനത്ത് എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് മനസിലാക്കുക, വിദ്യാഭ്യാസ യോഗ്യത, വിദേശത്തെ തൊഴിൽ, സാമൂഹിക പശ്ചാത്തലം എന്നിവ മനസിലാക്കുക, സൂക്ഷ്മ, ചെറുകിട,  ഇടത്തരം, വ്യവസായ മേഖലയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, പ്രവാസികളുടെ അഭിരുചികൾ കണ്ടെത്തുക, നിലവിൽ വിദേശത്തും ഇതര സംസ്ഥാനങ്ങളിലും തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായി പോയവരുടെ കണക്കുകൾ ശേഖരിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് സർവ്വെ. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാർ തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളിലെ സാമ്പിൾ  വാർഡുകളിൽ സർവ്വെ നടത്തും.  പ്രവർത്തനങ്ങൾ ഡിസംബർ 31 നകം പൂർത്തീകരിക്കും.

date