"കൈകോർക്കാം കടലോരം"ക്യാമ്പയിൻ സംഘാടകസമിതിയായി
ജില്ലയിലെ തീരദേശ നിവാസികളുടെ സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ "കൈകോർക്കാം കടലോരം" ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിൻ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചു.
ജില്ലയിലെ തീരദേശ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ സാമ്പത്തികേതര സ്ഥാപനങ്ങളുടെ ഇടപെടലുകളിൽ നിന്ന് മുക്തമാക്കുക, നൂറുശതമാനം ലിങ്കേജ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ചാവക്കാട്, തളിക്കുളം, മതിലകം എന്നീ തീരദേശ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടത്തുന്നത്.
ക്യാമ്പയിൻന്റെ രക്ഷാധികാരികളായി എംഎൽഎമാരായ മുരളി പെരിനെല്ലി, സി സി മുകുന്ദൻ, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു. സംഘാടകസമിതി ചെയർപേഴ്സൺമാരായി മതിലകം, ചാവക്കാട്, തളിക്കുളം ബ്ലോക്ക് പ്രസിഡൻ്റുമാരെയും ഗുരുവായൂർ നഗരസഭ ചെയർപേഴ്സനെയും കൺവീനറായി ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ എസ് സി നിർമ്മലിനെയും തെരഞ്ഞെടുത്തു.
കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ത്രിതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ സിഡിഎസ് ചെയർപേഴ്സൺമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ, ധനകാര്യ സ്ഥാപന ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി പൊതുമേഖല, സഹകരണ മേഖല ബാങ്ക് പ്രതിനിധികളുടെ നേതൃത്വത്തിൽ അവലോകനയോഗം നടത്തി.
- Log in to post comments