Skip to main content
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി,  ഇൻകോയിസ് (INCOIS) എന്നിവരുടെ സഹകരണത്തോടെ എറിയാട് പഞ്ചായത്തിൽ സംഘടിപ്പിച്ച സുനാമി റെഡി പ്രോഗ്രാം എറിയാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. രാജൻ ഉദ്ഘാടനം നിർവഹിക്കുന്നു

സുനാമി വാർഷികത്തിൽ പൊതുജന പങ്കാളിത്തത്തോടെ റെഡി പ്രോഗ്രാം 

 

ജില്ലയിലെ തീരപ്രദേശമായ എറിയാട് പഞ്ചായത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇൻകോയിസ് (INCOIS) എന്നിവരുടെ സഹകരണത്തോടെ ദുരന്തപ്രതിരോധ പരിശീലന പരിപാടിയായ സുനാമി റെഡി പ്രോഗ്രാം ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. 

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ദുരന്തപ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി  സംഘടിപ്പിക്കുന്ന പരിപാടിയാണ് സുനാമി റെഡി പ്രോഗ്രാം. സുനാമി അടിയന്തര സാഹചര്യങ്ങൾക്കായി തീരദേശ സമൂഹത്തിന്റെ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുക, ജീവന്റെയും സ്വത്തിന്റെയും നാശനഷ്ടങ്ങൾ കുറയ്ക്കുക, സമൂഹത്തിന്റെ തയ്യാറെടുപ്പ് കെട്ടിപ്പടുക്കുന്നതിൽ ഘടനാപരവും വ്യവസ്ഥാപിതവുമായ സമീപനം ഉറപ്പാക്കുക എന്നിവയാണ് സുനാമി റെഡി പ്രോഗ്രാമിന്റെ ലക്ഷ്യം.

 ദുരന്ത പ്രതിരോധ ഏകദിന പരിശീലനത്തിന്റെ ഉദ്ഘാടനം എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ നിർവഹിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ എസ് പരീത് അധ്യക്ഷനായി. പരിപാടിയുടെ  ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി നടത്തിയ പരിശീലനത്തിൽ ദുരന്തസാഹചര്യങ്ങളെ  ധൈര്യത്തോടെയും കൃത്യതയോടെയും  നേരിടുവാനും ദുരന്തങ്ങളെയും ദുരന്തങ്ങളുണ്ടാകാനിടയുള്ള സാഹചര്യങ്ങളെ മുൻകൂട്ടി തിരിച്ചറിയാനും പരിശീലനം നൽകി. അടിയന്തരഘട്ടങ്ങളിലെ പ്രവർത്തനം സംബന്ധിച്ചും ക്ലാസ്സെടുത്തു. കെ വൈ എൽ എ ഇൻസ്റ്റിറ്റ്യൂഷനിലെ ഡോ. ആൽഫ്രഡ്  ജോണി, സ്നിജ ജോയ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ലോകം നടുങ്ങിയ 2004ലെ സുനാമി ദുരന്തത്തിന്റെ ഓർമകൾക്ക് ഈ വരുന്ന ഡിസംബർ 26ന് 18 വർഷം തികയുന്ന സാഹചര്യത്തിൽ സുനാമി ഏറെ നാശനഷ്ടം വിതച്ച പ്രദേശമായ എറിയാട് ഗ്രാമപഞ്ചായത്തിനെയാണ് സുനാമി റെഡി പ്രോഗ്രാമിനായി ജില്ലയിൽ തെരഞ്ഞെടുത്തത്.
ജി കെ വി എച് എസ് സ്കൂളിലും എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായി നടന്ന പരിശീലനത്തിൽ 300ഓളം പേരാണ് പങ്കെടുത്തത്.  

രണ്ടിടങ്ങളിലായി നടന്ന പരിശീലന പരിപാടിയിൽ  ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എം സി ജ്യോതി, കൊടുങ്ങല്ലൂർ തഹസിൽദാർ രേവ, അസിസ്റ്റന്റ് തഹസിൽദാർ പി കെ രമേശൻ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ലീല ആന്റണി, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, സ്കൂൾ പിടിഎ പ്രസിഡന്റ് ഇ വി രാധാകൃഷ്ണൻ, സി റിസ്ക്യൂ സ്ക്വാഡ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date