പരിമിതികള്‍ തടസമായില്ല; വര്‍ണങ്ങള്‍ വിരിഞ്ഞ് ഭിന്നശേഷി കലോത്സവം
സര്‍ഗവാസനയുള്‍ക്കൊള്ളുന്ന മനസുകള്‍ക്ക് കലാപ്രകടനം നടത്തുന്നതിന് ശാരീരിക പരിമിതികള്‍ തടസമല്ലെന്ന് തെളിയിച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം വ്യത്യസ്തമായി. വെളിയങ്കോട് ഗ്രാമ പഞ്ചായത്തും കനിവ് എരമംഗലം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി വര്‍ണ്ണ ചിറകുകള്‍ എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചത്. എരമംഗലം കിള്ളിയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിനിമാ താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു അധ്യക്ഷനായി. കൈരളി ഫിനിക്‌സ് അവാര്‍ഡ് ജേതാവ്ഹന്നമോള്‍, സലീം കോടത്തൂര്‍ ,ഓള്‍ കേരള വീല്‍ച്ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ലൈസ് ബിന്‍ മുഹമ്മദ്, ജെ.ആര്‍.എഫ് ഹോള്‍ഡര്‍ ശ്രീരാജ് പൊന്നാനി എന്നിവര്‍ മുഖ്യാത്ഥികളായി. ഭിന്നശേഷിക്കാരുടെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കലാമത്സരങ്ങള്‍ സംഘടിപ്പിച്ചത്. കലാപ്രകടനങ്ങള്‍ക്ക് ആവേശം പകരാന്‍ ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments