മതനിരപേക്ഷതയ്‌ക്കും സ്‌ത്രീശാക്തീകരണത്തിനും വേണ്ടി നിലകൊള്ളണം : മുഖ്യമന്ത്രി
മതനിരപേക്ഷതയ്‌ക്കും സ്‌ത്രീശാക്തീകരണത്തിനും വേണ്ടി നിലക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ വനിത ബറ്റാലിയന്‍ പ്രഥമ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌ത്രീ സമത്വത്തിന് സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ 25 ശതമാനം വനിതാപ്രാതിനിധ്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് 15 ശതമാനം വരെ നടപ്പാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പോലീസിനൊപ്പം നിര്‍ഭയ വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കൂം. അവിടെ സ്‌ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ വനിതാ പോലീസിനെ നിയോഗിക്കും. സ്‌ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ സ്‌ത്രീപക്ഷ കാഴ്‌ചപ്പാടു വേണം. സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും സ്‌ത്രീകള്‍ക്ക് തുല്യഅവസരം നല്‍കും. ഇതിലൂടെ സ്‌ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ഹതയുള്ളവരെ പോലീസില്‍ നിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തിയാണ് വനിതകളെ നിയമിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഇതു നടത്തേണ്ടി വരും. അങ്ങനെ സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരം ഉറപ്പാക്കും. ചില സാഹചര്യങ്ങളില്‍ പൊതുവായി തന്നെ വനിതാനിയമനം നടത്തും. കഴക്കൂട്ടത്ത് പത്തേക്കറില്‍ വനിതാബറ്റാലിയന്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏതുസാഹചര്യങ്ങളെയും നേരിടാനുള്ള പരിശീലനം സിദ്ധിച്ച സേനാംഗങ്ങള്‍ വകുപ്പിന്റെ എക്കാലത്തെയും മാതൃകയാണ്. സ്ഥാനമാനങ്ങളേക്കാള്‍ വലുത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ്. ഈ വകുപ്പിലും ഇത്തരത്തിലുള്ള സമീപനം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പോലീസ് അക്കാദമി ഡയറക്‌ടര്‍ ഡോ. ബി. സന്ധ്യ എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, തൃശൂര്‍ മേഖല റേഞ്ച് ഐ ജി എം.ആര്‍. അജിത്‌കുമാര്‍, പോലീസ് മേധാവി (സിറ്റി) യതീഷ് ചന്ദ്ര, പോലീസ് മേധാവി (റൂറല്‍) എം.കെ. പുഷ്‌കരന്‍, സബ് കളക്‌ടര്‍ ഡോ. രേണുരാജ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഫോര്‍ ബെസ്റ്റ് കാഡറ്റ് കെ പി അജിതയ്‌ക്കും ബെസ്റ്റ് കമാന്റോ ദയ പാര്‍വ്വതിയ്‌ക്കും പരേഡ് കമാന്റര്‍ എസ് അന്‍സിയ്‌ക്കും ബെസ് ഔട്ട്‌ഡോര്‍ പി ടി പ്രിറ്റിമോള്‍ക്കും ബെസ്റ്റ് ഇന്‍ഡോര്‍ ജോസ്‌ന ജോയിക്കും ബെസ്റ്റ് ഷൂട്ടര്‍ പി ആര്‍ നിമിഷയ്‌ക്കും സമ്മാനിച്ചു.തുടര്‍ന്ന് വനിത കമാന്‍ഡോകളുടെ വിവിധ ഡെമോണ്‍സ്‌ട്രേഷനും കളരിയഭ്യാസവും നടന്നു. 578 വനിതാ പോലീസ് സേനാംഗങ്ങളില്‍ 44 പേരാണ് കമാന്‍ഡോ പരിശീലനം നേടിയത്. ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂര്‍ത്തയാക്കിയ ആദ്യത്തെ ബാച്ചാണിത്. ഇവര്‍ ഐക്യരാഷ്‌ട്രസഭയുടെ വിമന്‍ ട്രെയിനിങ്ങ് സെന്റര്‍ ഇ ലേണിംഗ് ക്യാമ്പസില്‍ നിന്നും �ഐ നോ ജെന്‍ഡര്‍� 1, 2, 3 മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമ്പതു മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളോടൊപ്പം ദൂരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, ഡ്രൈവിങ്ങ്, കമ്പ്യൂട്ടര്‍, ആംസ്, ജംഗിള്‍ ട്രെയിനിങ്ങ്, ഫസ്റ്റ് എയ്‌ഡ് എന്നിവയിലും പ്രാവീണ്യവും നേടിയിട്ടുണ്ട്. 82 പേര്‍ ബിരുദാനന്തരബിരുദം, 19 പേര്‍ ബി.ടെക്, 5 പേര്‍ എം ബി എ, 4 പേര്‍ എം സി എ, 55 പേര്‍ ബിരുദാനന്തരബിരുദത്തോടൊപ്പം ബി എഡ്, ഒരാള്‍ എം എഡ്, 62 പേര്‍ ബിരുദത്തോടൊപ്പം ബി എഡ്, 3 പേര്‍ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേര്‍ ബിരുദം, 23 പേര്‍ പോളിടെക്‌നിക് ഡിപ്ലോമ, 21 പേര്‍ ടി ടി സി, 60 പേര്‍ എച്ച് എസ് ഇ, 14 പേര്‍ എസ്‌എസ്‌എല്‍സി യോഗ്യതയുളളവരാണ്.
- Log in to post comments