'സ്‌കൂള്‍ വിക്കി' : മികച്ച സ്‌കൂളിന് ഒരുലക്ഷം രൂപയുടെ ശബരീഷ് സ്മാരക അവാര്‍ഡ്
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ബന്ധിപ്പിച്ച് കൈറ്റ് നടപ്പാക്കുന്ന സ്‌കൂള്‍ വിക്കിയിലെ ഏറ്റവും മികച്ച സ്‌കൂളിന് ഒരുലക്ഷം രൂപ അവാര്‍ഡ് നല്‍കും. ഇതോടൊപ്പം ജില്ലയില്‍ ഒന്നും രണ്ടും സഥാനങ്ങളിലെത്തുന്ന സ്‌കൂളുകള്‍ക്കും 10,000, 5,000 രൂപ വീതം പുരസ്‌കാരങ്ങള്‍ നല്‍കും. സഹവര്‍ത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് (ഐ.ടി.@സ്‌കൂള്‍) ആരംഭിച്ച പദ്ധതിയായ സ്‌കൂള്‍ വിക്കി'യില്‍ (www.schoolwiki.in) 15000 ത്തോളം സ്‌കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
'സ്‌കൂള്‍ വിക്കി'യുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന ജൂലൈ 19 ന് മരണപ്പെട്ട മലപ്പുറം ജില്ലയിലെ കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.ശബരീഷിന്റെ പേരിലാണ് പ്രഥമ സ്‌കൂള്‍ വിക്കി സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
'സ്‌കൂള്‍ വിക്കി'യില്‍ നിലവില്‍ അംഗമായ എല്ലാ സ്‌കൂളുകളെയും അവാര്‍ഡിന് പരിഗണിക്കും. സ്‌കൂളുകള്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ആഗസ്റ്റ് 15 വരെ നടത്തുന്ന പുതുക്കല്‍ കൂടി പരിഗണിച്ചായിരിക്കും അവാര്‍ഡ് നല്‍കുക എന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ അറിയിച്ചു. അവാര്‍ഡിനു പുറമെ തുടര്‍ന്നും സ്‌കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും 'സ്‌കൂള്‍ വിക്കി'യിലെ മികവ് പരിഗണിക്കും. ഇന്‍ഫോബോക്‌സിലെ വിവരങ്ങളുടെ കൃത്യത, സ്‌കൂള്‍ താളിലെ ഉള്ളടക്കം, പ്രെറ്റി യു.ആര്‍.എല്‍., സ്‌കൂള്‍ താളിലെ ഉള്ളടക്കം, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ അധിക താളുകള്‍, താളുകളുടെ വൃത്തിയും സംവിധാന ഭംഗിയും, സ്‌കൂള്‍മാപ്പ്, പ്രോജക്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡ് നിര്‍ണയ മാനദണ്ഡം. അവാര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ www.kite.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.3298/18
- Log in to post comments