Skip to main content

കടലില്‍ നിന്ന് ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കര്‍ശനമായി  നേരിടും : മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ

ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ കടലില്‍ പോകുന്ന മത്സ്യബന്ധന ബോട്ടുകള്‍ ട്രോളിംഗ് നിരോധന ഫലമായി വര്‍ദ്ധിച്ച ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കര്‍ശനമായി നേരിടുമെന്നും അവര്‍ക്കെതിരെ നിയമപപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് മന്ത്രി.ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

ജൂണ്‍ 10ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വന്ന ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യസമ്പത്ത് സ്വാഭാവികമായും വര്‍ദ്ധിക്കും. ട്രോളിംഗ് നിരോധന കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളാണ് ഉപരിതല മത്സ്യങ്ങളായ അയല, ചാള അടിത്തട്ട് മത്സ്യങ്ങളായ കൊഞ്ച്, കണവ, കിളിമീന്‍ എന്നിവയുടെയും പ്രജനന കാലാവധി.

ട്രോളിംഗ് സമയത്തുള്ള യന്ത്രവത്കൃത ബോട്ടുകളുടെ നിരോധനം കടല്‍ ശാന്തമാകുന്നതിന് അവസരം സൃഷ്ടിക്കും. അതിന്റെ ഫലമായി കടല്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുകയും കടലിലെ ആഹാര ശ്യംഖല ശക്തമാക്കുകയും ചെയ്യും. സസ്യജന്തു പ്ലവങ്ങളുടെയും മത്സ്യങ്ങള്‍ ആഹാരമാക്കുന്ന പായലുകളുടെയും അളവ് വര്‍ദ്ധിക്കും. ശാന്തമായ കടലില്‍ പ്രജനന സാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കുഞ്ഞു മത്സ്യങ്ങളുടെ എണ്ണവും വര്‍ദ്ധിക്കും.

കടലിലെ ആഹാര ശ്യംഖല ശക്തിപ്പെടുന്നതോടൊപ്പം ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികളും കടലിലെ മത്സ്യസമ്പത്ത് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കടലിലെ മത്സ്യസമ്പത്തിന്റെ അടിസ്ഥാനം ചെറു മത്സ്യങ്ങളാണ്. യന്ത്രവത്കൃത മേഖലയിലും പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലും ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ നടപ്പാക്കിയ നടപടികള്‍ ശക്തമായി തുടരുമെന്നും അതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

പി.എന്‍.എക്‌സ്.3301/18

date