ലോക മുലയൂട്ടല്‍ വാരാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്
ലോകമുലയൂട്ടല്‍ വാരാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 1) തുടക്കമാകും. വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പദ്ധതി എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന സന്ദേശം നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സാബു ജോസഫ്, ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.വി.ആശാമോള്‍ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍ നന്ദിയും പറയും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍, കുടുംബശ്രീ-അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് മുലയൂട്ടലും ശൈശവ ആരോഗ്യവും സംബന്ധിച്ച് ഡോ.പി.എന്‍ വിദ്യാധരന്‍, ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട്‌സ് ആക്റ്റിനെക്കുറിച്ച് ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി. ജെ എന്നിവര്‍ ക്ലാസ്സെടുക്കും. ഒരാഴ്ചകാലം ജില്ലയിലുടനീളം വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് വനിതാ ശിശുവികസന വകുപ്പ് സെമിനാറുകള്‍ പോസ്റ്റര്‍ പ്രദര്‍ശനം, ചിത്രരചന, പ്രബന്ധരചന, സ്‌കിറ്റ് അവതരണം, ഹെല്‍ത്തി മദര്‍ ആന്‍ഡ് ബേബി ഷോ, ഫ്‌ളാഷ് മോബ്, നാട്ടറിവ് പങ്കുവയ്ക്കല്‍, അമ്മമാരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് മുന്‍സിപ്പാലിറ്റി ബ്ലോക്ക് തലങ്ങളില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് ബോധവത്ക്കരണം നല്‍കും.
- Log in to post comments