നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്; 10 ലക്ഷം രൂപയുടെ ധനസഹായ അപേക്ഷകള്‍ തീര്‍പ്പായി
കേരള നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസ് തൊഴിലാളികളുടെ തീര്‍പ്പാവാതെ കിടക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ കെ വി ജോസിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 125 പരാതികള്‍ ലഭിച്ചു. ഇവയില്‍ 123 എണ്ണം പരിഹരിച്ചു.
ബോര്‍ഡിന്റെ കീഴില്‍ വരുന്ന പെന്‍ഷന്‍, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി നേരത്തെ തള്ളിയ അപേക്ഷകളുള്‍പ്പെടെയുള്ള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചു. ഇതുവഴി വിവിധ പദ്ധതികളിലായി 10 ലക്ഷത്തോളം രൂപയുടെ ധനസഹായ അപേക്ഷകളാണ് അദാലത്തില്‍ തീര്‍പ്പായത്. ഭവന വായ്പ, ഉപകരണ വായ്പ ഇനങ്ങളില്‍ പിഴപ്പലിശ ഒഴിവാക്കിയും പലിശയിനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയും നിരവധി കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതായി ബോര്‍ഡ് ചെയര്‍മാന്‍ കെ വി ജോസ് പറഞ്ഞു. വര്‍ഷങ്ങളായി കിടക്കുന്ന അപേക്ഷകളിലെ പാകപ്പിഴകള്‍ നേരിട്ടു തിരുത്തുവാനുള്ള അവസരവും തൊഴിലാളികള്‍ക്ക് ലഭിച്ചു.
ബോര്‍ഡ് അംഗങ്ങളായ തമ്പി കണ്ണാടന്‍, സി കെ മുരളി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി വി അരുണ്‍, അക്കൗണ്ട്‌സ് ഓഫീസര്‍ അജയകുമാര്‍, ഡി.ഇ.ഒ എന്‍ എം ഫൗസിയ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments