സംയോജിത കൃഷി സമ്പ്രദായം കാര്‍ഷിക രംഗത്തെ ശക്തിപ്പെടുത്തും: മന്ത്രി വി.എസ്. സുനില്‍കുമാര്‍
സംയോജിത കൃഷി സമ്പ്രദായത്തിലൂടെ കാര്‍ഷികരംഗത്തെ ശക്തിപ്പെടുത്തണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ കരമന നെടുങ്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തിലെ നിറപുത്തരി കൊയ്ത്തുത്സവം 2018 ന്റെയും ഹരിതഭവനം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായകമായെന്ന് മന്ത്രി പറഞ്ഞു. കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്നുവരികയാണ്. ഇതിലൂടെ കാര്‍ഷികസംസ്‌കാരത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തോരാതെ പെയ്യുന്ന മഴയില്‍ കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നറിയുന്നതില്‍ ദു:ഖമുണ്ടെങ്കിലും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണകേന്ദ്രത്തിന്റെ സമീപത്തുള്ള കട്ടക്കാലില്‍ അങ്കണവാടി നിര്‍മാണത്തിനുള്ള അനുമതി നല്‍കിയതായി ചടങ്ങില്‍ മന്ത്രി അറിയിച്ചു. ഹരിതഭവനം പദ്ധതികൂടാതെ ക്രോപ് ബസാര്‍, കാര്‍ഷിക കര്‍മസേന, ഏകദിന പരിശീലനം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കെ.വി. വിജയദാസ് എം.എല്‍.എ ക്രോപ്ബസാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കര്മസേനയുടെ ഉദ്ഘാടനം എം. വിന്‍സെന്റ് എം.എല്‍.എ നിര്‍വഹിച്ചു. നെടുംകാട് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറിത്തൈകള്‍ നല്‍കിയാണ് കാര്‍ഷിക കര്മസേനയുടെ ഉദ്ഘാടനം നടത്തിയത്. ഗവേഷണ കേന്ദ്രത്തിന്റെ ലഘുലേഖ നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ എസ്. പുഷ്പലത പ്രകാശനം ചെയ്തു. ഏകദിന പരിശീലനത്തിനോടൊപ്പം കര്‍ഷകശാസ്ത്രജ്ഞ മുഖാമുഖവും' മട്ടുപ്പാവിലെ വിഷരഹിത കൃഷി' എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ മുന്‍ പ്രൊഫസര്‍മാരായ ഡോ. വി.ബി. പദ്മനാഭന്റെയും ഡോ. തോമസ് ബിജു മാത്യുവിന്റേയും ക്ലാസുകളും നടന്നു.
കൃഷിയും പക്ഷിമൃഗാദികളും ഒന്നിച്ചു പരിപാലിക്കപ്പെടുന്ന രീതിയാണ് സംയോജിത കൃഷിസമ്പ്രദായം. സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തിന്റെയും വിജ്ഞാന വ്യാപന വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.
ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി, ഭരണസമിതി അംഗങ്ങളായ ഡോ. എ. അനില്‍കുമാര്‍, ഡോ. റ്റി. പ്രദീപ് കുമാര്‍, ഡോ. കെ. അരവിന്ദാക്ഷന്‍, അനിത രാധാകൃഷ്ണന്‍, എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ്, സ്ഥാപന മേധാവി ഡോ. ജേക്കബ് ജോണ്‍, കാര്‍ഷിക സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കരമന ഹരി, നെടുംകാട് യു.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിത, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1993/2018)
- Log in to post comments