Skip to main content

പുളിങ്കുന്ന് താലൂക്ക് ആശുപത്രി നിര്‍മ്മാണം: റോഡിനായുള്ള സ്ഥലം വാങ്ങാന്‍ തീരുമാനമായി

 

ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രി വികസനത്തിനായി കിഫ്ബി ഫണ്ടില്‍ അനുവദിച്ച തുക ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായിരുന്ന റോഡിന് സ്ഥലം വാങ്ങാന്‍ തോമസ് കെ. തോമസ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കൊടിക്കുന്നില്‍ സുരേഷ് എം.പി. രക്ഷാധികാരി ആയും  എം.എല്‍.എ ചെയര്‍മാനായും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറായും പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രഷറര്‍ ആയും ഇതിന് കമ്മറ്റി രൂപീകരിച്ചു. ജനുവരി ഒമ്പതിന് പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കമ്മറ്റിയുടെ യോഗം ചേരും. ജനുവരി 23-ന് ജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരണം നടത്താനും  യോഗത്തില്‍ തീരുമാനമായി. 

വെളിയനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ഐസലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ അനുവദിച്ച തുകയില്‍ മിച്ചം വന്ന ഒരു കോടി രൂപ വിനിയോഗിച്ച്  താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഉപയോഗശൂന്യമായ ക്വാര്‍ട്ടേഴ്‌സിന് സമീപം ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതിനും പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തീരുമാനിച്ചു. 
മങ്കൊമ്പ് വികാസ് മാര്‍ഗ് റോഡില്‍ നിന്ന് ആശുപത്രിയിലേക്കു റോഡ് നിര്‍മിക്കാന്‍ 5 സ്വകാര്യ വ്യക്തികളുടെതായ 
1.5 ഏക്കര്‍ സ്ഥലമാണ്  വേണ്ടത്. 145 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രിയില്‍ ബഹുനില കെട്ടിടം നിര്‍മിക്കുന്നത്. 

പുളിങ്കുന്ന് താലൂക്ക് ആശുപത്രി ഹാളില്‍ നടന്ന യോഗത്തില്‍  വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. വിശ്വംഭരന്‍, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോജി മണല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശാ ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രീതി സജി, ബീന ജോസഫ്, സൗമ്യ സനല്‍, രാജീവ്, എച്ച്എംസി അംഗങ്ങളായ എന്‍ പി വിന്‍സന്റ്, അലക്‌സ് മാത്യു, ഡി മനോഹരന്‍, ശ്രീകുമാര്‍ മങ്കൊമ്പ്, തോമസ് പൈലി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സീതാലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

date