Skip to main content

മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമെതിരെയുളള പീഡനം വര്‍ദ്ധിക്കുന്നു- ആര്‍.ഡി.ഒ

 

മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമെതിരെയുളള അക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ച് വരികയാണെന്ന് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും  ക്ഷേമത്തിനുമുള്ള മെയിന്റനന്‍സ്  ട്രിബ്യൂണലിന്റെ പ്രീസൈഡിംഗ് ഓഫീസറും പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ യുമായ കെ.അജീഷ് പറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന ട്രിബ്യൂണലിന്റെ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 18 പരാതികളാണ്  പരിഗണിച്ചത്. 12 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം വിശദമായ അന്വേഷണത്തിനായി മെയിന്റനന്‍സ് ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ പരിഗണനയ്ക്ക് വിട്ടു. നാല് പരാതികള്‍  വിശദമായ വാദത്തിനും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുമായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. എല്ലാ വ്യാഴ്ചയും പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഓഫീസില്‍ നടക്കാറുളള ട്രിബ്യൂണലിന്റെ സിറ്റിങ്ങ് കക്ഷികളുടെ സൗകര്യാര്‍ത്ഥമാണ് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ വെച്ച് നടത്തിയത്.
    2009 ല്‍ ട്രിബ്യൂണല്‍ നിലവില്‍ വന്നത് മുതല്‍ 277 പരാതികള്‍ ലഭിച്ചതില്‍ 241 എണ്ണത്തിലും തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും  ആക്ട് 2007 പ്രകാരം ഇത്തരക്കാരെ സംരക്ഷിക്കാത്തവരും പീഡിപ്പിക്കുന്നവരും 10000 രൂപ വരെ പ്രതിമാസം ജീവനാംശം നല്‍കണം. മക്കള്‍ക്ക് എഴുതി നല്‍കിയ ആധാരം റദ്ദ് ചെയ്ത് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കാനും മെയിന്റനന്‍സ് ട്രിബ്യൂണലിന് അധികാരമുണ്ട്.

 

date