Skip to main content

കുട്ടികളിലെ വിളര്‍ച്ച തടയാന്‍  ദേശീയ വിരവിമുക്ത ദിനാചരണം 10 ന്

    വിരശല്യം മൂലം കുട്ടികളിലുണ്ടാവുന്ന വിളര്‍ച്ചയും പോഷകാഹാരക്കുറവും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ആഗസ്ത് 10ന് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും അങ്കണവാടികളിലും വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍, അങ്കണവാടികള്‍, ഡേകെയര്‍ സെന്ററുകള്‍  എന്നിവിടങ്ങളിലെ 6,41,291 കുട്ടികള്‍ക്കാണ് ഇത്തവണ ഗുളിക നല്‍കുകയെന്ന് ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഡിഎം ഇ മുഹമ്മദ് യൂസുഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് അറിയിച്ചു. 
    ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. ഒന്ന് മുതല്‍ രണ്ട് വയസ്സുവരെ പകുതി ഗുളിക (200 മിഗ്രാം) പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് കൊടുക്കുക. 2 മുതല്‍ 19 വയസ്സുവരെ ഒരു ഗുളിക (400 മിഗ്രാം) ഭക്ഷണത്തിനു ശേഷം ചവച്ചരച്ച് കഴിക്കണം. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒരു വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും പ്രായഭേദമെന്യേ ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അംഗണവാടികളില്‍ വെച്ച് ഗുളിക നല്‍കും. എന്തെങ്കിലും കാരണത്താല്‍ ആഗസ്ത് 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് തുടര്‍ദിനമായ 17 ന് നല്‍കും. 
    മണ്ണില്‍ കളിക്കുന്നതിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാവുകയും ചെയ്യുന്നതായി ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി  പറഞ്ഞു. ഇത് കുട്ടികളില്‍ ശ്രദ്ധക്കുറവിനും പഠനകാര്യങ്ങളില്‍ താല്‍പര്യക്കുറവിനും കാരണമാവും. ഇതു തടയാന്‍ ആറ് മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടതുണ്ട്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, ആശ, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇതിനകം പരിശീലനം നല്‍കിക്കഴിഞ്ഞതായും അവര്‍ പറഞ്ഞു. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം,  സാമൂഹ്യനീതി വകുപ്പുകളും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും സംയുക്തമായാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. 
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് 10ന് രാവിലെ  9.30ന് കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി. സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും.      
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, ജില്ലാ ആര്‍സിഎച്ച്. ഓഫീസര്‍ ഡോ. ജ്യോതി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് ബി എന്നിവര്‍ പങ്കെടുത്തു.

date