Skip to main content
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്  'പാഠങ്ങൾ പാടങ്ങളിലൂടെയും' എന്ന പേരിൽ  നടപ്പാക്കുന്ന 'കുട്ടിക്കൂട്ടം സ്കൂൾ കൃഷിത്തോട്ടം' പദ്ധതി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യം; മന്ത്രി അഹമ്മദ് ദേവർകോവിൽ 'കുട്ടിക്കൂട്ടം സ്കൂൾ കൃഷിത്തോട്ടം' പദ്ധതിക്ക് കുന്നുമ്മലിൽ തുടക്കമായി

പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് അറിവു നേടാന്‍ ഇത് സഹായമാകുമെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 'പാഠങ്ങൾ പാടങ്ങളിലൂടെയും' എന്ന പേരിൽ  നടപ്പാക്കുന്ന 'കുട്ടിക്കൂട്ടം സ്കൂൾ കൃഷിത്തോട്ടം' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ്‌ ഇത്തരത്തിൽ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സ്വന്തം ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ വിഭവങ്ങൾ സ്വയം കൃഷി ചെയ്യാവുന്ന വിധം പരിശീലനവും ബോധവൽക്കരണവും നൽകി മനുഷ്യനെ മണ്ണിലേക്കിറക്കാനുള്ള ഒരു മുന്നേറ്റം കൂടിയാണ് ഈ പദ്ധതി. ഇത്തരം പദ്ധതികളിലൂടെ കൃഷിയെ സംബന്ധിച്ച് കുട്ടികള്‍ക്ക് പുതിയ ആശയങ്ങളും ചിന്തകളും വളര്‍ത്താന്‍ സാധിക്കും. കാർഷിക സംസ്ഥാനം എന്ന നിലയിൽ, കേരളീയ ജനത കൃഷിക്കും കർഷക സമൂഹത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ.കെ.വിജയൻ എം.എൽ.എ  അധ്യക്ഷത വഹിച്ചു.

കാർഷികമേഖലയുടെ പ്രാധാന്യം പുതു തലമുറയെ ബോധ്യപ്പെടുത്തി, മണ്ണറിഞ്ഞ് വളരാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്കിന് കീഴിലുള്ള എൽ പി, യു പി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് അംഗങ്ങളായ എൻ.കെ. ലീല, എം.പി. കുഞ്ഞിരാമൻ, ലിബസുനിൽ, വഹീദ അരിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജിൽ ഒ.പി, നഫീസ ഒ.ടി, സ്കൂൾ മാനേജർ കെ പി കുഞ്ഞമ്മദ്, പി ടി എ പ്രസിഡന്റ്‌ ജംഷീർ ഒ കെ, പ്രധാനധ്യാപകൻ നാസർ മാസ്റ്റർ വിവിധ രാഷ്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date