വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കമായി
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേയ്‌ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു.
മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ഉയർത്തി ജനകീയ പങ്കാളിത്തത്തോടെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും എരുവേലി ജംഗ്ഷന്‍ വരെ റാലി നടത്തി. തുടർന്ന് എരുവേലി റോഡരികിലെ മാലിന്യം നീക്കം ചെയ്തു വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യം നീക്കം ചെയ്തതിനു ശേഷം ഈ പ്രദേശങ്ങളിൽ ചെടികള്‍ വച്ചു പിടിപ്പിച്ച് മനോഹരമാക്കി സൂക്ഷിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചു. ഓരോ വാർഡിലെയും അംഗങ്ങളെ പങ്കാളികളാക്കിക്കൊണ്ട് പൂന്തോട്ടം മനോഹരമായി സൂക്ഷിക്കുന്നതിന് സമിതികള്‍ രൂപീകരിക്കും. മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയാൽ കുറ്റം ചെയ്തവർക്കെതിരെ ഹരിത നിയമങ്ങള്‍ പ്രകാരം 25000 രൂപ വരെയുള്ള പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി എല്ലാ വാർഡുകളിലും ആവശ്യമായ ബോധവത്കരണ ക്യാമ്പുകള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
നവകേരളം കർമ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ക്യാമ്പയിൻ നടത്തുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രജനി മനോജ്, മെമ്പർമാരായ പി വി പൗലോസ്, പ്രകാശന്‍ ശ്രീധരന്‍, ലൈജു ജനകന്‍, ലേഖ പ്രകാശന്‍, ഇന്ദിര ധർമ്മരാജൻ, മിനി പ്രദീപ്, റെജി കുഞ്ഞന്‍, ദിവ്യ ബാബു, സി.ഡി.എസ് ചെയര്പേമഴ്സണ്‍ കവിത മധു, ഹരിതകേരള മിഷന്‍ റിസോഴ്സ് പേഴ്സൺമാരായ കെ ടി രത്നാഭായി, ലിൻഡ മരിയാ ജോണ്‍, അനു വി ജോണ്‍, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങള്‍, റസിഡൻസ് അസ്സോസിയേഷന്‍ അംഗങ്ങള്‍, ആശാവർക്കർമാർ, ആരോഗ്യ വിഭാഗം ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ ക്യാമ്പയിനിൽ പങ്കെടുത്തു.
- Log in to post comments