Skip to main content
ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സെമിനാർ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു: സെമിനാർ

പരിചരിക്കാനാവാതെ വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടത്തിയ സെമിനാർ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജന്തുജന്യ രോഗങ്ങൾ തടയാൻ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ അധ്യക്ഷത വഹിച്ചു.
കൊവിഡ് കാലത്ത് വീടുകളിലേക്ക് വളർത്തു മൃഗങ്ങളെ വാങ്ങിയവർ ഇപ്പോൾ പരിചരിക്കാൻ സമയമില്ലാത്തതിന്റെ പേരിൽ രാത്രികാലങ്ങളിൽ തെരുവിൽ തള്ളുകയാണെന്ന് എൽഎംടിസി അസി. ഡയരക്ടർ ഡോ. അനിൽകുമാർ പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചു കൊണ്ടിരുന്ന ഇവ അത് ലഭിക്കാതായതോടെയാണ് ആക്രമണം നടത്തുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർധിച്ചു വരികയാണെന്ന് സെമിനാറിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി വിജയമോഹനൻ പറഞ്ഞു. ജന്തുക്ഷേമ നിയമങ്ങളിലല്ല മനുഷ്യരുടെ കാഴ്ച്ചപ്പാടുകളിലാണ് മാറ്റം വരേണ്ടതെന്ന് ഡെപ്യൂട്ടി ഡയരക്ടർ ഡോ. വി പ്രശാന്ത് അഭിപ്രായപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കും എതിരായ ക്രൂരത തടയാനും സാമൂഹിക പ്രതിബദ്ധതയോടെ മൃഗങ്ങളെ വളർത്താനുമുള്ള വിവിധ നിയമങ്ങളെക്കുറിച്ച് സെമിനാറിൽ അവബോധം നൽകി. കോളേജ് വിദ്യാർഥികൾ പരിഹാര മാർഗങ്ങൾ നിർദേശിച്ചു. വെറ്ററിനറി സർജൻ ഡോ. ആസിഫ് എം അഷ്‌റഫ്, കണ്ണൂർ എസ് എൻകോളജിലെ അസി. പ്രൊഫസർമാരായ സികെവി രമേശൻ, ബി ഒ പ്രസാദ്, ഫീൽഡ് ഓഫീസർ രമേശ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സ്‌കൂൾ-കോളജ് വിദ്യാർഥികൾ, മൃഗസംക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് വെവ്വേറ ക്ലാസുകൾ നൽകി. ജനുവരി 28ന് രാവിലെ 10ന് കർഷകർക്ക് ബോധവത്കരണ ക്ലാസ് നടക്കും. പരിപാടി 31ന് സമാപിക്കും

date