Skip to main content

വൈപ്പി൯ ബസുകളുടെ നഗരപ്രവേശനത്തിന് പൂർണപിന്തുണയുമായി ബസുടമകൾ

 

വൈപ്പിനിൽ നിന്നുളള സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിൽ അനുകൂല നിലപാടുമായി ബസുടമകൾ. നഗര പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായ ശേഖരണത്തിനുമായി ഓച്ചന്തുരുത്തിൽ ചേർന്ന യോഗത്തിലാണ് ബസുടമകളുടെ സംഘടനാ പ്രതിനിധികൾ നിലപാട് അറിയിച്ചത്.

സർക്കാറിൻ്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജോയിൻ്റ് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാറിൻ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബസ് ഉടമകള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റെസിഡന്‍റ്സ് അസോസിയേഷൻ  പ്രതിനിധികൾ, മത സാമുദായിക സംഘടന നേതാക്കൾ, കലാ സാംസ്കാരിക സംഘടന പ്രതിനിധികൾ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

ബസുകളുടെ നഗരപ്രവേശനത്തിലുള്ള നിയമ തടസങ്ങൾ അതിവേഗം പരിഹരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറ‌ഞ്ഞു. വൈപ്പിൻ ബസുകൾ നഗരത്തിൽ പ്രവേശിച്ചാൽ ഹൈക്കോടതി ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. സാധാരണക്കാരായ ജനങ്ങൾക്ക് ബസ് യാത്രയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരുന്ന തുകയിലും കുറവ് ഉണ്ടാകുമെന്ന പൊതു അഭിപ്രായവും യോഗത്തിൽ ഉയർന്നു.

യോഗത്തിൻ്റെ റിപ്പോർട്ട് ഫെബ്രുവരി ഏഴിന് മുൻപ് ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്ന് ജോയിൻ്റ് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാർ പറഞ്ഞു. ജനുവരി ആദ്യ വാരം ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിനിധി യോഗം ചേർന്നത്. 

വൈപ്പിൻ, നോര്‍ത്ത് പറവൂര്‍, മുനമ്പം ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി അമ്പതോളം ബസുകളാണ് നിലവിൽ ഹൈക്കോടതി ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കുന്നത്.

date