Skip to main content
ഫോട്ടോ: വലിച്ചെറിയല്‍ മുക്ത കേരളം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പി. ജയശ്രീ നിര്‍വഹിക്കുന്നു.  

വലിച്ചെറിയല്‍ മുക്ത കേരളം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

 

പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നവകേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ നിര്‍വഹിച്ചു. പൂക്കോട്ടുകാവില്‍ നടന്ന പരിപാടിയുടെ ഭാഗമായി കല്ലുവഴി മേക്കാംകാവ് പരിസരം വൃത്തിയാക്കി. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ ബെയ്‌ലിങ് യൂണിറ്റില്‍ കൊണ്ടുപോയി തരം തിരിക്കുകയാണ് ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വലിച്ചെറിയല്‍ മുക്തകേരളം പരിപാടിയോടൊപ്പം തന്നെ ഹരിതം 2022 എന്ന പേരില്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിനും നടക്കുന്നുണ്ട്. ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ അന്തരീക്ഷം ഒരുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. മാലിന്യമുക്ത പഞ്ചായത്തായി പൂക്കോട്ടുകാവിനെ മാറ്റുകയും ശുചിത്വ ബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നു. ഉദ്ഘാടന പരിപാടിയില്‍ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിശങ്കര്‍ മുന്നൂര്‍ക്കോട് അധ്യക്ഷനായി. ജനപ്രതിനിധികളും ആരോഗ്യവകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഹരിതസേന, ഐ.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

date