Skip to main content

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പ്രവേശനപരീക്ഷ

കോട്ടയം: പട്ടികവർഗ വകുപ്പു നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്മെന്റ് പദ്ധതി പ്രകാരം 2023-24 വർഷത്തെ സ്‌കോളർഷിപ്പിന് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് പ്രവേശനപരീക്ഷ നടത്തുന്നു. മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കാഞ്ഞിരപ്പളളി ഐ.ടി.ഡി.പി. ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷ. ഈ അധ്യയനവർഷം നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ, ഫർണീച്ചർ എന്നിവ വാങ്ങാനും പ്രത്യേക ട്യൂഷൻ നൽകുന്നതിനും ധനസഹായം നൽകും. ഇവയ്ക്കു പുറമേ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റെപ്പന്റും ലഭിക്കും. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന, കുടുംബവരുമാനം 50000 രൂപയിൽ കവിയാത്ത വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. പ്രത്യേക ദുർബല ഗോത്രവിഭാഗത്തിൽപ്പെടുന്നവർക്ക് വരുമാനപരിധി ബാധകമല്ല. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോട്ടയം ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പേര്, രക്ഷകർത്താവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, വയസ്, ആൺകുട്ടിയോ, പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസ്, മൊബൈൽ നമ്പർ, സ്‌കൂളിന്റെ പേരും വിലാസവും എന്നിവ ഉൾക്കൊള്ളുന്ന അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി. പ്രോജക്ട് ഓഫീസിലോ, പുഞ്ചവയൽ, മേലുകാവ്, വൈക്കം എന്നീ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലോ 2023 ഫെബ്രുവരി 20നകം നൽകണം. അപേക്ഷയോടൊപ്പം ജാതി/വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.ടി.ഡി. ഓഫീസിൽ ലഭിക്കും. ഫോൺ: 04828-202751

date