Skip to main content

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് ആരംഭിക്കുന്നു

 

ന്യൂനപക്ഷ വിഭാഗത്തിലെ യുവതി-യുവാക്കള്‍ക്കായി സംസ്ഥാനത്ത് വിവാഹപൂര്‍വ കൗണ്‍സലിംഗ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും ആരംഭിക്കുന്നു. സംസ്ഥാനത്ത് 33 സെന്ററുകളാണ് പ്രവര്‍ത്തിക്കുക. സെന്ററുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ശനി, ഞായര്‍ മറ്റു അവധി ദിവസങ്ങള്‍ എന്നിവയില്‍ നാലുദിവസങ്ങളിലായിട്ടാണ് പ്രോഗാം ഉണ്ടാവുക. ഒരു ക്ലാസ്സില്‍ 30 പേര്‍ക്കാണ് പ്രവേശനം. 

ഇന്നത്തെക്കാലത്ത് വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഏറിവരുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവയുടെ വര്‍ധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് വിവാഹ പൂര്‍വ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നത്. 

കൗണ്‍സലിംഗിനായി മൂന്നുറോളം അപേക്ഷകളാണ് ലഭിച്ചത്. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നി ജില്ലകളില്‍ നിന്നായിരുന്നു കൂടുതല്‍ അപേക്ഷകര്‍്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വകുപ്പും, തിരുവനന്തപുരം ലയോള കോളേജ് സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്നാണ് സിലബസും, മൊഡ്യൂളും തയാറാക്കിയത്.  അവര്‍തന്നെയാണ് തെരഞ്ഞെടുത്ത ഫാക്കല്‍റ്റികള്‍ക്ക് കോഴ്‌സ് സഹവാസ പരിശീലന കളരി സംഘടിപ്പിക്കുന്നതും.  സോഷ്യോളജി വകുപ്പിലെ ഡോ. ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. തെക്കന്‍ മേഖലകളിലെ ശില്പശാല തിരുവനന്തപുരം ലയോള കോളേജില്‍ ആഗസ്റ്റ് എട്ടിന് ആരംഭിക്കും. ലയോള കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജി.പി. ജേക്കബ്, സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റിലെ ഡോ. പ്രമോദ് എസ്.കെ.യുമാണ് നേതൃത്വം വഹിക്കുന്നത്. മലബാര്‍ മേഖലകളിലെ ക്ലാസ്സുകള്‍ക്കായി ജില്ലാടിസ്ഥാനത്തില്‍ ടീമുകള്‍ സജ്ജമായി കഴിഞ്ഞു.

പി.എന്‍.എക്‌സ്.3429/18

date