Skip to main content

സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.   പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷംവരയുള്ള നിക്ഷേപങ്ങള്‍ക്ക്ക്ക് 0.5 ശതമാനവും രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനവുമാണ് വര്‍ദ്ധന.. 'സഹകരണ നിക്ഷേപം കേരളവികസനത്തിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച നിക്ഷേപസമാഹരണം വിജയകരമായി മുന്നേറുമ്പോഴാണ് പലിശനിരക്കില്‍ ആകര്‍ഷണീയമായ വര്‍ധനവ് വന്നിരിക്കുന്നത്. 9000 കോടി രൂപയാണ് ഇത്തവണത്തെ ലക്ഷ്യം. ഇതില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയാണ് സമാഹരിക്കേണ്ടത്.
 നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.
മലപ്പുറം ഗസ്റ്റ്ഹൗസില്‍നടന്ന യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍,  പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് എം.എല്‍.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ്, കേരളബാങ്ക് സി.ഇ ഒ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
 
• 15 ദിവസം മുതല്‍ 45 ദിവസം വരെ 6.00%
• 46 ദിവസം മുതല്‍ 90 ദിവസം വരെ 6 .50%
• 91 ദിവസം മുതല്‍ 179 ദിവസം വരെ 7 .00 %
• 180 ദിവസം മുതല്‍ 364 ദിവസം വരെ 7.25 %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8%

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം
• 46 ദിവസം മുതല്‍ 90 ദിവസം വരെ 6 .00 %
• 91 ദിവസം മുതല്‍ 179 ദിവസം വരെ 6.25 %
• 180 ദിവസം മുതല്‍ 364 ദിവസം വരെ 6.75  %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ   7.25 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.00 %

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ നിലവിലുണ്ടായിരുന്ന പലിശ നിരക്ക്
 
• 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%
• 46 ദിവസം മുതല്‍ 90 ദിവസം വരെ 6 %
• 91 ദിവസം മുതല്‍ 179 ദിവസം വരെ 6.50%
• 180 ദിവസം മുതല്‍ 364 ദിവസം വരെ 6.75 %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 7. 75 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75 %

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന പലിശ നിരക്ക്

• 15 ദിവസം മുതല്‍ 45 ദിവസം വരെ 5 .00%
• 46 ദിവസം മുതല്‍ 90 ദിവസം വരെ 5.50 %
• 91 ദിവസം മുതല്‍ 179 ദിവസം വരെ 5.75 %
• 180 ദിവസം മുതല്‍ 364 ദിവസം വരെ 6.25 %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ   6.75 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക്  6.75 %

(ഫോട്ടോ സഹിതം)
 

സഹകരണ മേഖലയിലെ വെല്ലുവിളികളെ കേരളത്തിലെ സഹകാരികള്‍ ഒന്നിച്ച് നേരിടുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

 

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സമീപനങ്ങളാണ് ദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്നതെന്നും ആ നീക്കം പ്രതിഷേധാര്‍ഹമാണെന്നും  സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇത്തരം നീക്കങ്ങളെ കേരളത്തിലെ സഹകാരികള്‍ കൊടികളുടെ നിറം നോക്കാതെ ഒന്നിച്ച് ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.  നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ദേശീയതലത്തിലേക്കാള്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  സമസ്ത മേഖലകളിലും ഇടപെടാന്‍ കഴിയും വിധം സംസ്ഥാനത്ത് സഹകരണപ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി വളരാന്‍ പോകുകയാണ്. ഒറ്റപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയപ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ക്രമക്കേടുകളുണ്ടായാല്‍ നിക്ഷേപകന് ഒരുരൂപ പോലും നഷ്ടപ്പെടാത്ത വിധം പണം തിരികെ നല്‍കാന്‍ സഹകരണ നിധി രൂപീകരിച്ചു. ഇത് സഹകരണ മേഖലയ്ക്ക് പുതിയ പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നടക്കുന്ന നിക്ഷേപസമാഹരണ യജ്ഞത്തിലൂടെ 9000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പലിശ നിരക്ക് 8.5 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായകമാകും. നിക്ഷേപസമാഹരണ യജ്ഞം വിജയിപ്പിക്കാന്‍ എല്ലാ സഹകാരികളും ജീവനക്കാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവിതരണവും കേരള ബാങ്കിന്റെ ജില്ലയിലെ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കായിക, ന്യൂനപക്ഷക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ്, കോ-ഓപ്പറേറ്റിവ് ഓഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ പങ്കെടുത്തു.

date