Skip to main content

സഹകരണ മേഖലയിലെ വെല്ലുവിളികളെ കേരളത്തിലെ സഹകാരികള്‍ ഒന്നിച്ച് നേരിടുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

 

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സമീപനങ്ങളാണ് ദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്നതെന്നും ആ നീക്കം പ്രതിഷേധാര്‍ഹമാണെന്നും  സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇത്തരം നീക്കങ്ങളെ കേരളത്തിലെ സഹകാരികള്‍ കൊടികളുടെ നിറം നോക്കാതെ ഒന്നിച്ച് ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.  നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ദേശീയതലത്തിലേക്കാള്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  സമസ്ത മേഖലകളിലും ഇടപെടാന്‍ കഴിയും വിധം സംസ്ഥാനത്ത് സഹകരണപ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി വളരാന്‍ പോകുകയാണ്. ഒറ്റപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയപ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ക്രമക്കേടുകളുണ്ടായാല്‍ നിക്ഷേപകന് ഒരുരൂപ പോലും നഷ്ടപ്പെടാത്ത വിധം പണം തിരികെ നല്‍കാന്‍ സഹകരണ നിധി രൂപീകരിച്ചു. ഇത് സഹകരണ മേഖലയ്ക്ക് പുതിയ പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നടക്കുന്ന നിക്ഷേപസമാഹരണ യജ്ഞത്തിലൂടെ 9000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പലിശ നിരക്ക് 8.5 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായകമാകും. നിക്ഷേപസമാഹരണ യജ്ഞം വിജയിപ്പിക്കാന്‍ എല്ലാ സഹകാരികളും ജീവനക്കാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സഹകരണ മേഖല കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ കൈയടക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ കേരളത്തിലെ സഹകാരികള്‍ക്ക് അതിനെ ശക്തമായി പ്രതിരോധിക്കാന്‍ കഴിയുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക, ന്യൂനപക്ഷക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. കേരള ബാങ്കിന്റെ വരവോടെ ശക്തമായ ബാങ്കിങ് സംവിധാനത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്റെ വികസനം നമ്മുടെ പണം കൊണ്ട് തന്നെ നിര്‍വഹിക്കാമെന്നായി. സഹകാരികള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സഹകരണ മേഖലയ്ക്ക് സമസ്ത മേഖലയിലും ഇടപെടാന്‍ കഴിഞ്ഞതെന്നും വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.  
 മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവിതരണവും കേരള ബാങ്കിന്റെ ജില്ലയിലെ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍  പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ്, കോ-ഓപ്പറേറ്റിവ് ഓഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ പങ്കെടുത്തു.

date