Skip to main content

ഉത്രാളിയിലും മച്ചാടും മാലിന്യസംസ്‌ക്കരണ ഉപാധികളുടെ പ്രദർശനവുമായി ജില്ലാ ശുചിത്വ മിഷൻ

ഉത്രാളിക്കാവ് പൂരം പ്രദർശന മേളയിലും മച്ചാട് കാർണിവലിലും തൃശൂർ ജില്ലാ ശുചിത്വ മിഷൻ സ്റ്റാൾ ശ്രദ്ധ നേടുന്നു. ബയോഗ്യാസ് പ്ലാന്റ്, ബൊകാഷി ബക്കറ്റ്, പോർട്ടൽ ബയോബിൻ തുടങ്ങി ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ രംഗത്തെ വ്യത്യസ്ത ഉപാധികളാണ് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്. 

വർദ്ധിച്ചുവരുന്ന ജലമലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന ലക്ഷ്യത്തോടെ കക്കൂസ് മാലിന്യസംസ്കരണ പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന ശുചിത്വമിഷൻ സംഘടിപ്പിച്ച ഫീക്കൽ സ്ലീഡ്ജ് മാനേജ്‌മന്റ്, ഗ്രേ വാട്ടർ മാനേജ്മെന്റ്, മെൻസ്ട്രുവൽ ഹൈജീൻ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണവും ഈ പ്രദർശനത്തിലൂടെ ശുചിത്വ മിഷൻ നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷക്കാലയളവിൽ സംസ്ഥാനത്തെ മൂന്നുലക്ഷത്തിലധികം വീടുകളിൽ ഉറവിട മാലിന്യസംസ്‌ക്കരണ സംവിധാനവും അറുപതിനായിരം വീടുകളിൽ ബയോഗ്യാസ് സംവിധാനവും ആയിരത്തോളം തുമ്പൂർമുഴി മാതൃകയിലുള്ള കമ്മ്യൂണിറ്റിതല കമ്പോസ്റ്റിംഗ് സംവിധാനം 51 കമ്മ്യൂണിറ്റിതല ബയോഗ്യാസ് സംവിധാനവും ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി. കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നിരവധി ക്യാമ്പെയ്‌നും പ്രവർത്തനങ്ങളും ശുചിത്വ മിഷൻ നടത്തി വരുന്നു.  

ഉത്രാളിക്കാവ് മച്ചാട് പ്രദർശന മേള സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 14നു ആരംഭിച്ച ഉത്രാളിക്കാവ് പൂരം പ്രദർശനം മാർച്ച് 5 നു സമാപിക്കും. 

date