Skip to main content

യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്പശാലക്ക് തുടക്കമായി

വിദ്യാര്‍ത്ഥികളില്‍ പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍  പരിപാടിയായ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളുടെ ശില്പശാലയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. ഫെബ്രുവരി 21, 22 തീയതികളിലായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ രാജീവ്കുമാര്‍ ചൗധരി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈ.ഐ. പി കോഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. അബ്ദുല്‍ കരീം, മനോജ് എ. എസ്, ഡോ. ജീജ മേനോന്‍, മുഹമ്മദ് നബീല്‍ എന്നിവര്‍ സംസാരിച്ചു.
ഡവലപ്പ്‌മെന്റ്, സര്‍വ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി 47 വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.  വിവിധ വകുപ്പുകളില്‍ നിന്നുള്ള യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ കണ്ടെത്തി നിര്‍വചിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാലയില്‍ നിന്ന്   ശേഖരിക്കുന്ന പരിഹാരം കണ്ടെത്തേണ്ട  പ്രശ്‌നങ്ങള്‍, പുതിയ ആശയങ്ങളിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിന്,  ഫാക്കല്‍റ്റി സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.
 കെ-ഡിസ്‌ക്കിന്റെ (കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍) പാര്‍ട്ണര്‍ സ്ഥാപനങ്ങളായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ സി ടി അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്.
ജില്ലയിലെ 47 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി നൂറിലധികം ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.

date