Skip to main content

പോത്തുകല്ല് പഞ്ചായത്തിലെ ഗോത്ര വിഭാഗം കുട്ടികളുടെ സമഗ്ര വികസനത്തിനായി സേവാസ് പദ്ധതി നടപ്പിലാക്കുന്നു

 

 

പാർശ്വവൽകൃത മേഖലകളിലെ കുട്ടികളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് സാധ്യമായ എല്ലാ ഏകോപന സാധ്യതകളും പ്രയോജനപ്പെടുത്തി നിശ്ചിത പാർശ്വവൽകൃത മേഖല ദത്തെടുക്കുന്ന "സേവാസ്" പദ്ധതി പോത്തുകല്ല് പഞ്ചായത്തിൽ നടപ്പിലാക്കുന്നു. സെൽഫ് എമർജിങ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട് (SEVAS) എന്ന പേരിൽ സമഗ്ര ശിക്ഷാ കേരള ഈ വർഷം നടപ്പിലാക്കുന്ന പൈലറ്റ് പ്രോജക്ട് ആണ് സേവാസ് . ഓരോ ജില്ലയിലെയും പാർശ്വവൽകൃത വിഭാഗം കുട്ടികൾ അധികമായി താമസിക്കുന്ന ഒരു പഞ്ചായത്ത് ആണ് ഇപ്രകാരം ദത്തെടുക്കുന്നത്.  പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പിലാക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ടു നയിക്കുക ,വിദ്യാഭ്യാസം സാംസ്കാരികാവബോധം, തൊഴിൽ നൈപുണി മേഖലകൾ എന്നിവയിൽ മികവ് നേടാൻ സഹായിക്കുക, അഞ്ചുവർഷംകൊണ്ട് എല്ലാ മേഖലകളിലും ഉന്നതിയിൽ എത്തുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണിയും നേട ത്തക്കവിധത്തിൽ  വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

 വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹികാവസ്ഥാ പഠനം നടത്തുക, പഠന ടൂളുകൾ തയ്യാറാക്കുക, ഡയറ്റ് എസ് എസ് കെ, പൊതുവിദ്യാഭ്യാസ വകുപ്പ് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഏജൻസികൾക്ക് ചുമതല നൽകുക, വിവിധ വകുപ്പുകളുടെ പഞ്ചായത്ത് തല ഏകോപനം സാധ്യമാക്കിക്കൊണ്ട് കുട്ടികളുടെ ബേസ്ഡ്ലൈൻസ് സ്റ്റഡി നടത്തുക തുടങ്ങിയവയാണ് പ്രവർത്തന പദ്ധതി .

തദ്ദേശ സ്വയംഭരണ വകുപ്പ് ,വനിത ശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് 'ട്രൈബൽ വകുപ്പ്, എക്സൈസ് വകുപ്പ്, കേരള മഹിളാസമഖ്യസൊസൈറ്റി, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

    സേവാസ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല യോഗം പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു .പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിദ്യാരാജൻ അധ്യക്ഷയായ ചടങ്ങിൽ നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എം മനോജ് കുമാർ സ്വാഗതവും നിലമ്പൂർ ബി ആർ സി ട്രെയിനർ രമ്യ ടി പി നന്ദിയും പറഞ്ഞു.  സമഗ്ര ശിക്ഷാ കേരള മലപ്പുറം ജില്ല പ്രോഗ്രാം ഓഫീസർ മഹേഷ് എം ഡി പദ്ധതി വിശദീകരിച്ചു. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ റുബീന കിണറ്റിങ്ങൽ, എം എ തോമസ്, തങ്ക കൃഷ്ണൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജമാലുദ്ദീൻ, കെ എം ചന്ദ്രൻ, മുജീബ് റഹ്മാൻ ,സലൂബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡയറ്റ് സീനിയർ ലെക്ച്ചറർ മുഹമ്മദ് ബഷീർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഉസ്മാൻ പിടി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിജു പി എബ്രഹാം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ്, സിഡിഎസ് പ്രസിഡൻറ് സിന്ധു , ഇമ്പ്ലിമെന്റിങ് ഓഫീസർ സജി സാമുവൽ, ബിആർസി ട്രെയിനർ ജയൻ എ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

 

date