Skip to main content

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ഉത്സവാന്തരീക്ഷം പകരാൻ സംഗീതസന്ധ്യകൾ

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മൂന്നു ദിവസങ്ങളിൽ കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. 25, 26, 27 തീയതികളിൽ വൈകിട്ട് ഏഴിന് പഴയ പോലീസ് മൈതാനത്തെ സാംസ്‌കാരിക വേദിയിലാണ് പരിപാടികൾ നടക്കുക.
ശനിയാഴ്ച (ഫെബ്രുവരി 25) തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും. ഞായറാഴ്ച  (ഫെബ്രുവരി 26) വൈകിട്ട് ഏഴിന് യ ര ല വ കലക്റ്റീവിന്റെ അക്ഷരമാല എന്ന സംഗീത പരിപാടി അരങ്ങേറും. തിങ്കളാഴ്ച (ഫെബ്രുവരി 27) ഗസലുകളും ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളും കൂട്ടിയിണക്കി അലോഷി ആഡംസ് സംഗീതസന്ധ്യ അവതരിപ്പിക്കും.

ചലച്ചിത്രമേളയുടെ ഭാഗമായി പുനലൂർ രാജന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകൾ ഉൾപ്പെടുത്തി എക്‌സിബിഷൻ സംഘടിപ്പിക്കും. വൈകുന്നേരങ്ങളിൽ പ്രമുഖ ചലച്ചിത്രപ്രവർത്തകർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം എന്ന സംവാദപരിപാടിയും നടക്കും. കോട്ടയത്തിന്റെ ചലച്ചിത്രപൈതൃകം സംബന്ധിച്ച അറിവുകൾ പുതുതലമുറയ്ക്കു പകർന്നു നൽകുന്നതിനായി 25ന് രാവിലെ 11 ന് സെമിനാർ സംഘടിപ്പിക്കും.
കോട്ടയം, അനശ്വര, ആഷ തിയേറ്ററുകളിലും സി.എം.എസ് കോളജ് തിയേറ്ററിലുമായി അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ ആകെ 39 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
ഓൺലൈനായി  https://registration.iffk.in/  എന്ന ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം.  പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികൾക്ക്  150 രൂപയുമാണ് ഡെലിഗേറ്റ് ഫീ. കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ നേരിട്ടും രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം.

date