Skip to main content

രാഷ്‌ട്രപതി തൃശൂരില്‍;  ജില്ലയില്‍ അതീവ സുരക്ഷ

തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജ്‌ ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യാനും ഗുരുവായൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രം, മമ്മിയൂര്‍ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്താനുമായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഇന്ന്‌ (ഓഗസ്റ്റ്‌ 7) തൃശൂരിലെത്തും. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന്‌ കര്‍ശന സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ തൃശൂരിലും ഗുരുവായൂരിലും 1500 പോലീസുകാരെ നിയോഗിച്ചുകൊണ്ടുള്ള അതീവ സുരക്ഷാസംവിധാനവും ഏര്‍പ്പെടുത്തി. 
രാവിലെ 10.40 ന്‌ കുട്ടനെല്ലൂര്‍ ഗവ. കോളേജ്‌ ഹെലിപ്പാഡില്‍ വന്നിറങ്ങുന്ന രാഷ്‌ട്രപതി 11 ന്‌ സെന്റ്‌ തോമസ്‌ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. 11.30 വരെയാണ്‌ ശതാബ്‌ദി ആഘോഷങ്ങള്‍ക്കായി രാഷ്‌ട്രപതി ചെലവിടുക. തുടര്‍ന്ന്‌ 12.10 ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളേജ്‌ ഹെലിപ്പാഡില്‍ വന്നിറങ്ങുന്ന രാഷ്‌ട്രപതി 12.30 ന്‌ ശ്രീവത്സം ഗസ്റ്റ്‌ ഹൗസിലെത്തും. 12.45 നും 1.05 നും ഇടയില്‍ ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന്‌ 1.10 മുതല്‍ 1.25 വരെ ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രത്തിലാണ്‌ ദര്‍ശനം. തുടര്‍ന്ന്‌ ശ്രീവത്സം ഗസ്റ്റ്‌ഹൗസിലേക്ക്‌ തിരിക്കും. 2.05 ഓടെ ഗുരുവായൂരില്‍ നിന്നും മടങ്ങും. 
ഗുരുവായൂര്‍, മമ്മിയൂര്‍ ക്ഷേത്രങ്ങളില്‍ രാഷ്‌ട്രപതി സന്ദര്‍ശനം നടത്തുന്ന സമയത്ത്‌ ഭക്തര്‍ക്ക്‌ പ്രവേശനമില്ല. രാഷ്‌ട്രപതിയുടെ സന്ദര്‍ശനശേഷം മാത്രമേ ഭക്തര്‍ക്ക്‌ പ്രവേശനം നല്‍കുകയുള്ളു. സന്ദര്‍ശനശേഷം പ്രവേശനമുണ്ട്‌. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഗുരുവായൂരിലെ ലോഡ്‌ജുകളില്‍ മുറി അനുവദിക്കുന്നതിനും പോലീസ്‌ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. രാവിലെ പത്തുമുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നരവരെ ലോഡ്‌ജുകളില്‍ മുറികള്‍ അനുവദിക്കാനും പാടില്ലെന്ന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ കിഴക്കേനട, ശ്രീവത്സം ഗസ്റ്റ്‌ഹൗസ്‌, മമ്മിയൂര്‍ ക്ഷേത്രം പരിസരങ്ങളില്‍ പോലീസ്‌സേനയെ പ്രത്യേകമായി വിന്യസിപ്പിച്ചിട്ടുണ്ടെന്നും ജില്ലാപോലീസ്‌ മേധാവി അറിയിച്ചു. ഇതിന്റെ ഭാഗമായി പോലീസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹനവ്യൂഹ റിഹേഴ്‌സലും നടത്തി.

date