Skip to main content

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി

മാറിയ കാലത്തിനനുസരിച്ച് ഉത്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനു കുട്ടികളുടെ സർവതോന്മുഖമായ വികസനം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിൽ വിദ്യാലയങ്ങൾക്കുള്ള പങ്കു വലുതാണ്. വിജ്ഞാന വിതരണം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങിനിന്നാൽ പോര. ലോക വൈജ്ഞാനിക ശൃംഖലയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കണം. ഇതിന് അധ്യാപകർ മുൻകൈയെടുക്കണം. പുതിയ തലമുറയുടെ ജീവിതാനുഭവങ്ങൾ തിരിച്ചറിഞ്ഞ് അതിനു ചേരുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയണം. നൂതന വിഷയങ്ങൾക്കൊപ്പം ചരിത്രബോധവും കുട്ടികൾക്കു പകർന്നു നൽകണം.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുൻഗണനയാണു കഴിഞ്ഞ സർക്കാർ നൽകിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും നബാർഡിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും പ്ലാൻ ഫണ്ടിലൂടെ നടപ്പാക്കിയ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കി. പശ്ചാത്തല സൗകര്യം വകസിപ്പിക്കുന്നതിനൊപ്പംതന്നെ അധ്യയന നിലവാരം ഉയർത്താനുള്ള നടപടികളും സ്വീകരിച്ചു. ഇത്തരം ഇടപെടലുകൾ പൊതുവിദ്യാഭ്യാസത്തിലുള്ള വിശ്വാസം വലിയ തോതിൽ വർധിപ്പിച്ചു. അതിന്റെ തെളിവാണ് പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി എത്തിച്ചേർന്നത്. കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ആകുലപ്പെട്ടിരുന്ന അവസ്ഥ മാറ്റാൻ കഴിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പെർഫോമെൻസ് ഇൻഡെക്സ് ഗ്രേഡിങ്ങിൽ കേരളം ഒന്നാമതെത്തി. നീതി ആയോഗിന്റെ സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡെക്സിലും ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേർന്നു നടത്തിയ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഗോൾസ് ഇന്ത്യാ ഇൻഡെക്സിലും കേരളം ഒന്നാമതെത്തി. ഇതെല്ലാം അഭിമാനകരമായ നേട്ടങ്ങളാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ തുടർന്നും കാര്യക്ഷമമായി ഇടപെടാനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾ മികച്ച മാതൃകകൾ സൃഷ്ടിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഈ യാഥാർഥ്യം പലപ്പോഴും തമസ്‌കരിക്കപ്പെടുന്നു. അത്തരം പശ്ചാത്തലത്തിൽ ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്കു വലിയ പ്രാധാന്യമുണ്ട്. യാഥാർഥ്യത്തിനു നേരേ പിടിച്ച കണ്ണാടിയാണ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ. പൊതുവിദ്യാലയങ്ങൾ പിന്തുടരുന്ന മികച്ച മാതൃകകൾ ഉയർത്തിക്കാട്ടാനും അവ മറ്റു വിദ്യാലയങ്ങൾക്കു സ്വീകരിക്കാനും ഉതകുന്ന വിധത്തിലാണ് ഇതു വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെയിൽ വയനാട് ജില്ലയിലെ ഓടപ്പള്ളം ജി.എച്ച്.എസും മലപ്പുറം ജില്ലയിലെ പുറത്തൂർ ജി.യു.പി.എസും ഒന്നാം സമ്മാനം പങ്കിട്ടു. രണ്ടാം സമ്മാനം കൊല്ലം ജില്ലയിലെ ജി.എൽ.പി.എസ് ഇരവിപുരവും പാലക്കാട് ജില്ലയിലെ ജി.ഒ.എച്ച്.എസ്.എസ് എടത്താനാട്ടുകരയും പങ്കിട്ടു. മൂന്നാം സമ്മാനം കൊല്ലം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കടയ്ക്കൽആലപ്പുഴ ജില്ലയിലെ ജി.എൽ.പി.എസ് കടക്കരപ്പളളി എന്നീ സ്‌കൂളുകൾക്കാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ച ആറു സ്‌കൂളുകൾക്ക് യഥാക്രമം പത്തു ലക്ഷംഏഴര ലക്ഷംഅഞ്ചു ലക്ഷം രൂപ ക്യാഷ് അവാർഡുകൾ ലഭിച്ചു.

തിരുവനന്തപുരം ജിമ്മി ജോർജ് ഇ്ൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെഎസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ്എസ്.എസ്.കെ ഡയറക്ടർ ഡോ. എ.ആർ. സുപ്രിയകൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്യൂണിസെഫ് അഡൈ്വസർ ഡോ.പിയൂഷ് ആന്റണിജൂറി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻസീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ എന്നിവരും പങ്കെടുത്തു.

റിയാലിറ്റിഷോയിൽ ഫൈനലിസ്റ്റുകളായ നാലു വിദ്യാലയങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ട്രോഫിയും ചടങ്ങിൽ സമ്മാനിച്ചു. പാലക്കാട് ജില്ലയിൽ നിന്നു ജി.യു.പി.എസ് പുതിയങ്കംഇടുക്കി ജില്ലയിൽ നിന്നു ജി.എച്ച്.എസ്.എസ് കല്ലാർആലപ്പുഴ ജില്ലയിൽ നിന്നു ജി.എച്ച്.എസ്.എസ് കലവൂർകാസർഗോഡ് ജില്ലയിൽ നിന്നും ജി.എച്ച്.എസ്.എസ് തച്ചങ്ങാട് എന്നീ സ്‌കൂളുകളാണ് ഫൈനലിസ്റ്റുകളായത്. ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക പരാമർശം നേടിയ ആറ് സ്‌കൂളുകൾക്ക് 50,000 രൂപ വീതവും ട്രോഫിയും സമ്മാനിച്ചു. ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് (കാസർഗോഡ്)പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര (മലപ്പുറം)ജി.എൽ.പി.എസ് ആനാട് (തിരുവനന്തപുരം)ജി.എൽ.പി.എസ് കോടാലി (തൃശൂർ)ജി.എൽ.പി.എസ് മോയൻസ് (പാലക്കാട്)എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ (കണ്ണൂർ) എന്നിവയാണ് പ്രത്യേക പരാമർശം നേടിയ സ്‌കൂളുകൾ. ഹരിതവിദ്യാലയത്തിൽ മികച്ച പ്രകടനം നടത്തിയ ജഗതി ഗവ.എച്ച്.എസ്.എസ് ബധിര വിദ്യാലയം (തിരുവനന്തപുരം)തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ബധിരവിദ്യാലയം (പത്തനംതിട്ട) സ്‌കൂളുകൾക്ക് 25000 രൂപ വീതവും ക്യാഷ് അവാർഡുകൾ ലഭിച്ചു.

പി.എൻ.എക്സ്. 1087/2023

date