റേഷൻ കാർഡിലെ അനർഹരെ കണ്ടെത്താൻ വീടുകളിൽ ചെന്നുള്ള പരിശോധന തുടങ്ങി
അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ഉടുമ്പൻചോല താലൂക്കിൽ ആരംഭിച്ചു. ആഗസ്റ്റ് രണ്ടിന് നടത്തിയ പരിശോധനയിൽ അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച 16 എണ്ണം പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ റേഷനിംഗ് ഇന്‍സ്പെക്ടർ ഉൾപ്പെട്ട സംഘമാണ് കാർഡുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. സർക്കാർ, സഹകരണ, പൊതുമേഖലാ ജീവനക്കാർ, ഒരു ഏക്കറിനുമേൽ ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുള്ള വീടുള്ളവർ, നാല് ചക്ര വാഹനമുള്ളവർ, ആദായനികുതി നൽകുന്നവർ, സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ എന്നിവർ മുൻഗണനാ വിഭാഗം കാർഡ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. അത്തരത്തിലുള്ള കാർഡുകൾ 10ന് മുമ്പായി ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിട്ടുള്ള ആളുകളെ സംബന്ധിച്ച വിവരം പൊതുജനങ്ങൾക്കും താലൂക്ക് സപ്ലൈ ഓഫീസിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരം രേഖപ്പെടുത്തേണ്ടതില്ല.ഫോൺ 04868 232047.
- Log in to post comments