Skip to main content

വണ്ണാത്തിക്കടവ് പുതിയ പാലം ഉദ്ഘാടനം ഒമ്പതിന്

മാതമംഗലം ചന്തപ്പുര വണ്ണാത്തിക്കടവ് പുതിയ പാലത്തിന്റെ ഉദ്ഘാടനം മാർച്ച് ഒമ്പതിന് ഉച്ച 2.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.
പിലാത്തറ-മാതമംഗലം റോഡിലെ പ്രധാനപ്പെട്ടതും മലയോര മേഖലയിലേക്ക് കടന്നുപോകുന്ന ജനങ്ങൾ ഏറെ ആശ്രയിക്കുന്നതുമായ പാലമാണ് വണ്ണാത്തിക്കടവ് പാലം. വീതി കുറഞ്ഞ പാലം മാറ്റി സ്ഥാപിക്കണമെന്ന് ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാവുന്നത്. പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇരുഭാഗത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിച്ചു.
ചന്തപ്പുര ഭാഗത്ത് 320 മീറ്റർ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ് മെക്കാഡം ടാറിങ് ചെയ്തിട്ടുണ്ട്. പാലം നിർമ്മാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.49 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർപേഴ്‌സനായി ടി സുലജയെയും കൺവീനറായി ടി വി ചന്ദ്രനെയും തിരഞ്ഞെടുത്തു.

date