കുടുംബശ്രീ കെട്ടിട നിര്‍മ്മാണ രംഗത്തേക്കും; ജില്ലയിലെ ആദ്യ യൂണിറ്റ് പുതുപ്പാടിയില്‍ തുടങ്ങി
കെട്ടിട നിര്‍മാണ രംഗത്ത് ഉറച്ച കാല്‍വെപ്പുമായി കുടുംബശ്രീയുടെ ജില്ലയിലെ ആദ്യ നിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമായി. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 10 പട്ടികവര്‍ഗ വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ജില്ലയിലെ ആദ്യ കെട്ടിട നിര്‍മാണ യൂണിറ്റ്. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിലെ 20-ാം വാര്‍ഡ് പയോണ പട്ടികവര്‍ഗ കോളനിയിലെ പ്രിയം കുടുംബശ്രീ അംഗങ്ങളുടെ ഈ സംരംഭം മട്ടിക്കുന്ന് വാര്‍ഡിലെ മൈഥിലി എന്ന ലൈഫ് ഗുണഭോക്താവിന്റെ വീടിന്റെ തറക്കല്ലിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു.
പ്രിയം അയല്‍ക്കൂട്ട അംഗങ്ങളായ സുനിത, ജാനു, ബിന്ദു, സീത, ചന്ദ്രിക, സൗമിനി, ലത, സുമതി, കല്യാണി,ചന്ദ്രിക എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കുടുംബശ്രീ നിര്‍മാണ യൂണിറ്റ് വിജയകരമായതിനെ തുടര്‍ന്നാണ് ജില്ലയിലും ഈ പദ്ധതി തുടങ്ങാന്‍ കുടുംബശ്രീ മിഷന്‍ തീരുമാനിച്ചത്. ഇതിനായി അപേക്ഷ വിളിച്ചപ്പോള്‍ തന്നെ ഒട്ടും മടികൂടാതെയാണ് ഈ പട്ടികവര്‍ഗ വനിതകള്‍ രംഗത്തെത്തിയത്. 53 ദിവസം നല്‍കുന്ന നിരന്തര പരിശീലനത്തിലൂടെയാണ് ഇവര്‍ നിര്‍മാണ രംഗത്തേക്ക് ചുവടുറപ്പിക്കുക.
നിര്‍മാണ മേഖലയിലെ വിദഗ്ധനായ മട്ടിക്കുന്ന് സ്വദേശി രതീഷിന്റെ കീഴിലാണ് പരിശീലനം പൂര്‍ത്തിയാക്കുക. പരിശീലന ചെലവ് കുടുംബശ്രീ മിഷന്‍ ആണ് വഹിക്കും. ആദ്യ ഘട്ടത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍ സ്വന്തം നിലയില്‍ വീട് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത, ആരും തുണയില്ലാത്ത ഗുണഭോക്താക്കളുടെ വീട് നിര്‍മാണം ഏറ്റെടുത്തു പൂര്‍ത്തികരിക്കും. പിന്നീട് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ ഏറ്റെടുത്തു നടത്തുന്ന വീടുകളും നിര്‍മ്മിച്ച് നല്‍കും.
വീട് നിര്‍മ്മാണത്തിലെ തറയുടെ പ്രവൃത്തി മുതല്‍ ബെല്‍റ്റ് വാര്‍ക്കല്‍, പടവ് പണി, കോണ്‍ക്രീറ്റ്, വയറിംഗ്, തേപ്പ്, പെയിന്റിങ്ങ് തുടങ്ങി എല്ലാ മേഖലകളും ഉള്‍പെടുന്നതാണ് 53 ദിവസത്തെ പരിശീലനം. പരിശീലന കാലയളവില്‍ 200 രൂപ സ്റ്റൈപ്പന്റും ഭക്ഷണവും നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഈ ഗ്രൂപ്പ് സര്‍ക്കാര്‍ അംഗീകാരമുള്ള നിര്‍മാണ ഏജന്‍സിയായി മാറുകയും സര്‍ക്കാരിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്ക് ചെയ്യാനും സാധിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഡി.ജോസഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ•ാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം.ഇ.ജലീല്‍, മെമ്പര്‍മാരായ കെ.ജി.ഗീത, ഫാത്തിമ ബീവി, പി.കെ.ഷൈജല്‍, ഉഷകുമാരി, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സി.കവിത, അസി.കോഓര്‍ഡിനേറ്റര്‍ പി.എം.ഗിരീശന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഉനൈസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ, സജി, ടി.എ.മൊയ്തീന്‍, വിജയന്‍ പുതുശേരി എന്നിവര്‍ സംസാരിച്ചു.
- Log in to post comments