ലൈഫ് മിഷന്‍ പദ്ധതി: അദാലത്ത് നടത്തി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ നല്‍കി നഗരസഭയുമായി കരാര്‍ വെക്കാത്തവര്‍ക്കായി ചെയര്‍മാന്റെ പ്രത്യേക അദാലത്ത് നടത്തി. 1241 അപേക്ഷകരില്‍ 961 പേരാണ് ബില്‍ഡിംഗ് പെര്‍മിറ്റിനായി അപേക്ഷ നല്‍കിയിരുന്നത്. 112 പേര്‍ അദാലത്തില്‍ പങ്കെടുത്തു.
27 പേര്‍ പാടം -പള്ള്യാല്‍ ഭൂമി തരം മാറ്റേണ്ടവരാണ്. പള്ള്യാല്‍ തരം മാറ്റുന്നതിന് ആഗസ്ത് എട്ടിന് പള്ള്യാല്‍ കമ്മിറ്റിയുടെ യോഗം ചേരാനും പാടം തരം മാറ്റേണ്ടവരുടെ അപേക്ഷ നഗരസഭ കൗണ്‍സിലിന്റെ പ്രത്യേക അപേക്ഷ സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനിച്ചു.ബാക്കിയുളള 85 പേര്‍ ആധാരം ബാങ്കിലുളളവരും ഭൂമി സ്വന്തം പേരില്‍ ഭാഗിച്ച് കിട്ടാത്തവരുമാണ്.ഇവര്‍ക്ക് ബന്ധപ്പെട്ട കക്ഷികളുടെ സമ്മതപത്രം മുഖേന ഭവന നിര്‍മ്മാണാനുമതി നല്‍കാനും തീരുമാനിച്ചു. ആഗസ്ത് 15 നകം ഈ നടപടികള്‍ പൂര്‍ത്തിയാക്കും. അദാലത്തില്‍ എത്താതിരുന്ന 168 അപേക്ഷകരുടെ വീടുകളില്‍ നേരിട്ട് പോയി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ കുടുംബശ്രീയിലെ ഏഴ് സി.ഒമാരെ ചുമതലപ്പെടുത്തി.
ഭവന നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ അപേക്ഷകരുളള സംസ്ഥാന നഗരസഭകളില്‍ ഒന്നാണ് പെരിന്തല്‍മണ്ണ. 50 കോടിയോളം രൂപയാണ് നഗരസഭക്ക് ഇതിനായി അനുവദിച്ചത്. പദ്ധതിക്കര്‍ഹരായവരില്‍ 1183 പേരെ ഇതിനോടകം തന്നെ പദ്ധതിയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. 866 പേരുടെ ജിയോ ടാഗിംഗ് പൂര്‍ത്തിയാക്കി. 420 പേര്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കി.361 പേര്‍ ഭവന നിര്‍മ്മാണ കരാറില്‍ ഒപ്പിട്ടു. ഇവരില്‍ 322 പേര്‍ക്ക് ഒന്നാം ഗഡുവായി 40000 രൂപയും , 164 പേര്‍ക്ക് രണ്ടാം ഗഡുവായി 160000 രൂപയും, 68 പേര്‍ക്ക് മൂന്നാം ഗഡുവായി 160000 രൂപയും , നാലാം ഗഡുവായി 3 പേര്‍ക്ക് 40000 രൂപയും അടക്കം 5.01 കോടി രൂപയുടെ ധനസഹായം ഇതിനോടകം തന്നെ നഗരസഭ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. 650 സ്‌ക്വയര്‍ഫീറ്റിലുളള നാല് ലക്ഷം രൂപയുടെ വീടാണ് ഒരോ ഗുണഭോക്താവിനും പദ്ധതി പ്രകാരം ലഭിക്കുക.
അദാലത്തില്‍ സെക്രട്ടറി അബ്ദുല്‍ സലീം, ക്ഷേമ കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ശോഭന, കൗണ്‍സിലര്‍ അമ്പിളി മനോജ്, സി ഡി എസ് ചെയര്‍മാന്‍ എം.പ്രേമലത,നോഡല്‍ ഓഫീസര്‍ എസ്.സുബിന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments