Skip to main content

പഴക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍  അടിയന്തരനടപടി വേണമെന്ന് താലൂക്ക് വികസന സമിതി

 

    നഗരത്തിലെ  പഴക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കുന്നതിനും പരിശോധനയ്ക്കും അടിയന്തിര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്താനും  മുനിസിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കാനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ ബസ്സ്റ്റാന്‍റിനടുത്ത് പഴയ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ സംയോജിതമായി രക്ഷാ പ്രവര്‍ത്തനം നടത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യു, പോലീസ്, ജില്ലാ ആശുപത്രി, എന്‍.ഡി.ആര്‍.എഫ്, മറ്റു വകുപ്പുകള്‍ എന്നിവരെ യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അഭിനന്ദിച്ചു.
    പാലക്കാട് നിയോജകമണ്ഡലത്തിലെ പല റോഡുകളുടേയും അവസ്ഥ ശോചനീയമാണെന്നും ഇവ നന്നാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പി.ഡബ്ല്യു.ഡി റോഡ്സ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
    മഴക്കാലരോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ څഭക്ഷണശാലകളിലും പഴക്കടകളിലും പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട്  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്നിവര്‍ക്കും പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് എക്സൈസ് വകുപ്പിനും കത്ത് നല്‍കും.  
    പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കുക, കേരളശ്ശേരി പൊറ്റയില്‍പ്പടി അംഗന്‍വാടി നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്സിന്‍റെ സേവനത്തിനായും കത്ത് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
    താലൂക്ക് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ പാലക്കാട് തഹസില്‍ദാര്‍ വി.വിശാലാക്ഷി, പാലക്കാട് തഹസില്‍ദാര്‍(ഭൂരേഖ) ആനിയമ്മ വര്‍ഗീസ്.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, വകുപ്പു മേധാവികള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date