Skip to main content

സംസ്‌കൃതസര്‍വ്വകലാശാല രജത ജൂബിലി ആഘോഷം: അറബി സാഹിത്യോത്സവവും ദേശീയസെമിനാറും സംഘടിപ്പിക്കുന്നു.

സംസ്‌കൃത സര്‍വ്വകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുന്നാവായയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിലെ അറബി പഠന വിഭാഗം അറബി സാഹിത്യോത്സവം ദേശീയസെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അറബി ഭാഷയുടെ വൈവിധ്യങ്ങള്‍ തേടിയുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പുറമെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ കലാപരിപാടിള്‍ക്കും സംസ്‌കൃത സര്‍വ്വകലാശാല വേദിയാകും.     
ആദ്യ ദിനമായ ഇന്ന് (ആഗസ്റ്റ് 8) സെമിനാറുകളുടെ ഉദ്ഘാടനം രാവിലെ 10 ന് സി.മമ്മുട്ടി എം.എല്‍.എ നിര്‍വ്വഹിക്കും. വൈസ് ചാന്‍സിലര്‍ പ്രൊഫ. ധര്‍മ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അറബി വികസനസാഹിത്യത്തിന്റെ വസന്തം എന്ന വിഷയത്തില്‍ എഴുത്തുകാരനും വിവര്‍ത്തകനുമായ എസ്.എ ഖുദ്സി, സാസ്‌കാരിക കൈമാറ്റവും വിവര്‍ത്തനവും എന്ന വിഷയത്തില്‍ ഡബ്ലു.എം.ഒ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ജമാലുദ്ദീന്‍, അറബി മലയാള സാഹിത്യ വിവര്‍ത്തനം എന്ന വിഷയത്തില്‍ പെരിന്തല്‍മണ്ണ പി.ടി.എം കോളേജ് അദ്ധ്യാപകന്‍ ഡോ. കെ. ജാബിര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കോഴ്സ് കോര്‍ഡിനേറ്റര്‍ പ്രൊഫ. കുഞ്ഞിമൊയ്തീന്‍ കുട്ടി, അബ്ദുല്ല നുഅ്മാന്‍ എന്നിവര്‍ പങ്കെടുക്കും.
രണ്ടാം ദിനമായ ആഗസ്റ്റ് 9ന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ രാവിലെ 10 മണിക്ക് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡോ. എല്‍ സുഷമ അദ്ധ്യക്ഷത വഹിക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പായമ്പ്രോട്ട ആമുഖ പ്രസംഗം നടത്തും. ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളുടെ അറബിക് കോസ്മോപോളിസ് എന്ന വിഷയത്തില്‍ നെതര്‍ലാന്റ്സിലെ ലെയ്ഡന്‍ സര്‍വ്വകലാശാലയിലെ ഡോ. മഹ്മൂദ് കൂരിയ, അറബി മലയാള സാഹിത്യത്തിന്റെ ചരിത്ര പശ്ചാത്തലം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ ഡോ. കെ.എം ഷരീഫ്, പേര്‍ഷ്യന്‍ സ്വാധീനം മോയിന്‍കുട്ടി വൈദ്യര്‍ കൃതികളില്‍ എന്ന വിഷയത്തില്‍ ഡോ. അനീസ് ആലങ്ങാടന്‍, അല്‍ ഖുതുബത്തുല്‍ ജിഹാദിയ്യ പരിഭാഷയും തുടര്‍ പഠനവും എന്ന വിഷയത്തില്‍ ഗവ. തുഞ്ചന്‍ കോളേജിലെ ഡോ. ജാഫര്‍ സാദിഖ് പി. പി എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സംസ്‌കൃതസര്‍വ്വകലാശാല ചരിത്ര വിഭാഗത്തിലെ ഡോ. കെ. രാജന്‍, ഷംസാദ് ഹുസൈന്‍ കെ.ടി, പ്രൊഫ. കുഞ്ഞിമൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് മാപ്പിളപ്പാട്ടിന്റെ നാള്‍വഴികള്‍ എന്ന പേരില്‍ ഫൈസല്‍ എളേറ്റില്‍, ആര്യ മോഹന്‍ദാസ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പ്പവും അരങ്ങേറും.

 

date