വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പക്കാരന്റെ വിഹിതം ഉടന്‍ തിരിച്ചടയ്ക്കണം
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി പ്രകാരം ലഭിച്ച 78,069 അപേക്ഷകളില്‍ യോഗ്യമായ 25,573 അപേക്ഷകള്‍ ധനസഹായത്തിനായി സര്‍ക്കാരിലേക്ക് അയക്കുന്നതിന് ബാങ്ക് നോഡല്‍ ഓഫീസര്‍ക്കും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്കും (എസ്എല്‍ബിസി) കൈമാറിയിട്ടുണ്ടെന്ന് ധനകാര്യ (പ്ലാനിംഗ്-എ) വകുപ്പ് അറിയിച്ചു. അതില്‍ എസ്എല്‍ബിസി സൂക്ഷ്മ പരിശോധനയ്ക്കുശേഷം സര്‍ക്കാരിലേക്ക് അയച്ച 9453 അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി 90.7 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 16,120 അപേക്ഷകള്‍ ബാങ്ക് നോഡല്‍ ഓഫീസര്‍, എസ്എല്‍ബിസി എന്നിവരുടെ സൂക്ഷ്മ പരിശോധനാഘട്ടത്തിലും 10,904 അപേക്ഷകള്‍ വായ്പക്കാരന്റെ വിഹിതം ലഭിക്കുന്നതിനായി ബാങ്കുകള്‍ കൈവശം വച്ചിരിക്കുകയുമാണ്. യോഗ്യമല്ലാത്ത 29,806 അപേക്ഷകള്‍ നിരസിച്ചു.
വായ്പക്കാരന്റെ വിഹിതം ലഭിച്ചെങ്കില്‍ മാത്രമേ അപേക്ഷകള്‍ ബാങ്കുകള്‍ക്ക് എസ്എല്‍ബിസി മുഖേന സര്‍ക്കാരിലേക്ക് ധനസഹായത്തിനായി അയയ്ക്കാന്‍ കഴിയൂ. വായ്പക്കാരന്റെ വിഹിതം ലഭിക്കുന്നതിനുള്ള കാലതാമസം കാരണം അപേക്ഷകള്‍ സമയബന്ധിതമായി സര്‍ക്കാരിലേക്ക് അയയ്ക്കാന്‍ കഴിയാത്തത് പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാര്‍ വിഹിതം വായ്പക്കാരന്റെ ലോണ്‍ അക്കൗണ്ടിലേക്ക് യഥാസമയം കൈമാറുന്നതിനും കാലതാമസമുണ്ടാക്കുന്നു. അതിനാല്‍ അപേക്ഷകള്‍ സ്വീകരിച്ചതായി ബാങ്കുകളില്‍നിന്ന് അറിയിപ്പ് ലഭിച്ചവര്‍ വായ്പാ വിഹിതം എത്രയും വേഗം ബാങ്കുകളില്‍ ഒടുക്കി പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ സഹകരിക്കണമെന്ന് ധനകാര്യ (പ്ലാനിംഗ്-എ) വകുപ്പ് അഭ്യര്‍ഥിച്ചു
പി.എന്‍.എക്‌സ്.3493/18
- Log in to post comments