Skip to main content
കാഴ്ച പരിമിതിയുള്ളവര്‍ക്ക് ലാപ്‌ടോപ്പ് നല്‍കി

കാഴ്ച പരിമിതിയുള്ളവര്‍ക്ക് ലാപ്‌ടോപ്പ് നല്‍കി

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദൃശ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഴ്ച പരിമിതിയുള്ളവര്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ  സംരംഭകത്വ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നിന്നും തിരഞ്ഞെടുത്ത 14 പേര്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കിയത്. കാഴ്ച പരിമിതിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയാണ് ലക്ഷ്യം. 

ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. സെന്റര്‍ ഫോര്‍ മാനേജ്മന്റ് ഡവലപ്‌മെന്റിന്റെ (സി.എം.ഡി.) നേതൃത്വത്തിലാണ് സംരംഭകത്വ പരിശീലനം നല്‍കിയത്. വയര്‍ലെസ് ഹെഡ്‌സെറ്റും കീബോര്‍ഡും മൗസും അടക്കമാണ് ലാപ്ടോപ്പുകള്‍ നല്‍കിയത്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ നേതൃത്വത്തില്‍ കാഴ്ച പരിമിതര്‍ക്കായുള്ള പ്രത്യേക സോഫ്റ്റ്വെയറും ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ചടങ്ങില്‍ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി.ബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ, അംഗങ്ങളായ ആര്‍. റിയാസ്, ബിനു ഐസക് രാജു, ജില്ല സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബിന്‍, സി.എം.ഡി. പ്രൊജക്റ്റ് ഓഫീസര്‍ ബി. രാജേഷ്, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പ്രസിഡന്റ് സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date