Skip to main content

കാര്‍ഷിക സെന്‍സസ്: ജില്ലയില്‍ 1000 വാര്‍ഡുകളില്‍ വിവരശേഖരണം പൂര്‍ത്തീകരിച്ചു

 

കേന്ദ്ര സര്‍ക്കാരിന്റെ കൃഷിയും കര്‍ഷക ക്ഷേമവും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ സെന്‍സസിന്റെ പ്രകാരം 11-ാമത് കാര്‍ഷിക ഒന്നാംഘട്ട നടത്തുന്ന വിവരശേഖരണം ജില്ലയിലെ 1000 വാര്‍ഡുകളില്‍ പൂത്തീകരിച്ചു. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് എറണാകുളം. 

അതിശക്തമായ വേനലിലും തളരാതെ അക്ഷീണം പ്രയത്‌നിച്ച് 1000 വാര്‍ഡുകളില്‍ കാര്‍ഷിക സെന്‍സസ് വിവരശേഖരണം നടത്തിയ എന്യൂമറേറ്റര്‍മാരെയും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരെയും താലൂക്ക് തലത്തില്‍ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍, ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭിനന്ദിച്ചു. 2023 ജനുവരി 1 നാണ് കാര്‍ഷിക സെന്‍സസ് സംസ്ഥാനത്ത് ആരംഭിച്ചത്. ഏപ്രില്‍ 15 നകം ജില്ലയിലെ ഒന്നാംഘട്ട വിവരശേഖരണം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനിലെയും മുഴുവന്‍ വാര്‍ഡുകളിലെയും എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് 2021-22 കാര്‍ഷിക വര്‍ഷത്തെ അടിസ്ഥാനമാക്കി കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ സെന്‍സസിലൂടെ ശേഖരിക്കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലും കൈവശാനുഭവത്തിലുമുള്ള ഭൂമിയുടെ എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെന്‍ഡര്‍, ഭൂമിയുടെ തരം എന്നീ പ്രാഥമിക വിവരങ്ങളാണ് ഈ സെന്‍സസിലൂടെ ശേഖരിക്കപ്പെടുന്നത്. ശേഷിക്കുന്ന 800 വാര്‍ഡുകളില്‍ കാര്‍ഷിക സെന്‍സസ് വിവരശേഖരണം പുരോഗമിക്കുന്നു. 

ജില്ലയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളിലെ നയരൂപീകരണത്തിനും ഈ സെന്‍സസിന്റെ ഡാറ്റ ഉപയോഗിക്കുന്നു. കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ഉയര്‍ച്ചയ്ക്കും വേണ്ടി നടത്തുന്ന ഈ സെന്‍സസിന് കൃത്യമായ വിവരങ്ങള്‍ നല്‍കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍ അഭ്യര്‍ത്ഥിച്ചു.

date