Skip to main content

കനത്ത മഴ- ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍

 

കനത്തമഴയെതുടര്‍ന്ന് മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളില്‍ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ മീന്‍ പിടിക്കാനും മറ്റുമായി ആരും പുഴകളില്‍ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. പുഴകളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
മലമ്പുഴ ഡാം തുറന്നതിനെ തുടര്‍ന്ന് കല്‍പ്പാത്തി പുഴയിലെ ഒഴുക്ക് കൂടിയതിനാല്‍ ആണ്ടിമഠം ഭാഗത്തെ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപാര്‍പ്പിച്ചു. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ക്യാംപിലേക്കാണ് ആളുകളെ മാറ്റിയത്. ചിറ്റൂര്‍ താലൂക്കിലെ അയിലൂര്‍ ഭാഗത്ത് വെള്ളം കയറാന്‍ സാധ്യത ഉള്ളതിനാല്‍ പൊലീസിനും വില്ലേജ് ഓഫീസര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
കര്‍ക്കിടകവാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനായി ആളുകള്‍ സ്നാനഘട്ടങ്ങളായ പുഴക്കടവുകളിലും കുളക്കടവുകളിലും വന്‍തോതില്‍ എത്തുമെന്നതിനാല്‍ പ്രദേശങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
ആലത്തൂര്‍ താലൂക്ക് തരൂര്‍ 2 വില്ലേജിലെ രാജനെ(62)ഗായത്രിപ്പുഴ കുരുത്തിക്കോട് കോസ്വേയ്ക്കു സമീപം കാണാതായി. ഫയര്‍ഫോഴ്സിന്‍റെ സ്കൂബാഡൈവിങ് വിദ്ഗധര്‍ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിരച്ചില്‍ ഇന്ന്(ആഗസ്റ്റ് ഒമ്പത്) തുടരും. 
ഭാരതപ്പുഴയില്‍ കാണാതായ പട്ടാമ്പി താലൂക്കിലെ പാണ്ടിക്കാട് സ്വദേശി മൊയ്തീന്‍റെ മകന്‍ അബ്ദുള്‍ സലാമിനെ(34) ഫയര്‍ഫോഴ്സിന്‍റെ സ്കൂബാഡൈവിങ് വിദഗ്ധര്‍ തിരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

date