തീരദേശ പരിപാലന പ്ലാന്‍- പൊതു തെളിവെടുപ്പ് നടത്തി
കേരള തീരദേശ പരിപാലന അതോറിറ്റി തയ്യാറാക്കുന്ന തീരദേശ പരിപാലന പ്ലാന്‍ സംബന്ധിച്ച് പൊതു തെളിവെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പൊതു തെളിവെടുപ്പില്‍ ജില്ലാ കളക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. കേരള തീരദേശ പരിപാലന അതോറിറ്റി മെമ്പര്‍ സെക്രട്ടറി വീണ.എന്‍.മാധവന്‍ ഐ.എ.എസ് ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ.കെ.കെ. രാമചന്ദ്രന്‍ പ്ലാന്‍ വിശദീകരിച്ചു. എ.ഡി.എം വി.രാമചന്ദ്രന്‍, കേരള തീരദേശ പരിപാലന അതോറിറ്റി ജോയിന്റ് സെക്രട്ടറി വി.ഡി. പ്രസന്ന കുമാര്‍, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിലെ എഞ്ചിനീയര്‍ പി. കലൈഅരസന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോം അഗസ്റ്റിന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ പി.എ. ആയിഷ സംസാരിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനികള്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു. മേഖലയില്‍ നിയമം മൂലം നേരിടുന്ന നിലവിലെ പ്രശ്‌നങ്ങളും ആശങ്കകളും ഇവര്‍ പങ്കുവെച്ചു. തീര പ്രദേശങ്ങളില്‍ വീട് നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനുമുള്ള തടസ്സങ്ങളും ചൂണ്ടിക്കാട്ടി. അതോറിറ്റി പ്രതിനിധികള്‍ മറുപടി നല്‍കി. പ്ലാന്‍ സംബന്ധിച്ചു ഇനിയും പരാതിയും ആക്ഷേപവുമുള്ളവര്‍ക്ക് ഏഴു ദിവസത്തിനകം എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, പരിസ്ഥിതി കാലാവസ്ത വ്യതിയാന വകുപ്പ്, പളളിമുക്ക്, പേട്ട, തിരുവനന്തപുരം 695024 എന്ന തപാല്‍ വിലാസത്തിലോ സര്വാമമെിററേ@ഴാമശഹ. രീാ എന്ന ഇ മെയില്‍ വഴിയോ ബോധിപ്പിക്കാം.
ജില്ലയില്‍ പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി നഗരസഭകളും വാഴക്കാട്, വാഴയൂര്‍, ചേലേമ്പ്ര, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍, താനാളൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തൃപങ്ങോട്, മംഗലം, പുറത്തൂര്‍, കാലടി, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തുകളുമാണ് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നത്.
- Log in to post comments