Skip to main content

ദേശീയ വിരവിമുക്ത ദിനം: ആഗസ്റ്റ് 10 ന് മുഴുവന്‍ കുട്ടികള്‍ക്കും വിര ഗുളിക നല്‍കും

ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച (ആഗസ്റ്റ് 10) ജില്ലയിലെ ഒരു വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഒരു ഡോസ് ആല്‍ബന്റസോള്‍ ഗുളിക നല്‍കും. ഹയര്‍സെക്കണ്ടറി തലം വരെയുള്ള  സ്‌കൂളുകള്‍, അംഗനവാടികള്‍ കേന്ദ്രീകരിച്ചാണ് ഗുളിക വിതരണം നടത്തുക. വെള്ളിയാഴ്ച ഗുളിക കഴിക്കാത്തവര്‍ തുടര്‍ദിനമായ 17ന് ഗുളിക കഴിക്കേണ്ടതാണ്. ജില്ലയില്‍ ഒന്നു മുതല്‍  19 വയസ്സു വരെയുള്ള  13.35 ലക്ഷത്തോളം കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ്,  സ്വകാര്യ മേഖലകളിലുള്‍പ്പെടെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ സിബിഎസ്ഇ, ഐസിഎസ്ഇ മേഖല ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ഗുളിക നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു.
ഗുളിക വിതരണത്തിന്റെ ജില്ലാതല  ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്  മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി.ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അദ്ധ്യക്ഷത വഹിക്കും.  ജില്ലാ കലക്ടര്‍ അമിത് മീണ സംബന്ധിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് ഗുളിക വിതരണം ചെയ്യുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അധ്യാപകരും അങ്കണവാടി പ്രവര്‍ത്തകരുമാണ് ഗുളിക നല്‍കുന്നത്. ഒന്നു മുതല്‍ രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 എംജി) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം. രണ്ടു മുതല്‍ 19 വയസ്സുവരെ പ്രായമുള്ളവര്‍ ഒരു ഗുളിക (400 എംജി) ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമേ ഗുളിക കഴിക്കാന്‍ പാടുള്ളൂ. മറ്റു അസുഖങ്ങളുള്ളവര്‍ ഗുളിക കഴിക്കേണ്ടതില്ല.
ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് മലപ്പുറം കളക്ടറേറ്റില്‍ നടന്ന കര്‍മസേനാ യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (റവന്യു റിക്കവറി) എ.നിര്‍മല കുമാരി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രകാശ്, എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. എ ഷിബുലാല്‍, ജില്ലാ ഹോമിയോ ഹോസ്പിറ്റല്‍ ആര്‍.എം.ഒ ഡോ. ബിനുബാല്‍, ജില്ലാ മലേറിയ ഓഫീസര്‍  കെ. മോഹന്‍ദാസന്‍, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി നിര്‍മലാ ദേവി, മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രേംജിത്ത്, ആരോഗ്യ വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് ഭാസ്‌കരന്‍ തൊടുമണ്ണില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date