ആരോഗ്യ ജാഗ്രത-വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ യോഗം ചേർന്നു
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, വൃത്തിയുള്ള കേരളം - വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ കൗൺസിലർമാരുടെ പ്രത്യേക യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സുധ കെ പി അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്കരണ-ശുചീകരണ പ്രവർത്തനങ്ങളും കൊതുകുനിവാരണ പ്രവർത്തനങ്ങളും ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. ഗാർഹികതലം, സ്ഥാപനതലം, പൊതുതലം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രവർത്തനം നടത്തുക.
വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയമായ മാലിന്യ പരിപാലനം നടക്കുന്നുണ്ടോ എന്നുറപ്പാക്കാൻ ഹരിത കർമ്മ സേനയെ നിയോഗിച്ച് സർവ്വേ നടത്തും. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാത്തവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ വിളിച്ചു ചേർത്ത് പല തലങ്ങളിലായുള്ള ശുചീകരണ പ്രവർത്തനം നടത്തുന്നതു വഴി ഓരോ വാർഡും വലിച്ചെറിയൽ മുക്ത വാർഡായി പ്രഖ്യാപിക്കും. മെയ് 25ന് വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിനും തീരുമാനമായി.
യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി കൗൺസിലർമാർ, എന്നിവർ സംസാരിച്ചു .നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ. ബാബു പദ്ധതി വിശദീകരിച്ചു.നഗര സഭ സെക്രട്ടറി ഇൻ ചാർജ് കെ കെ ബീന സ്വാഗതം പറഞ്ഞു.
- Log in to post comments