വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി
*364 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന നൂറുദിന പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി ജില്ലയില്‍ 390 വ്യാപാര സ്ഥാപനങ്ങളിലും 18 പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 364 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ നിന്നും 325500 രൂപ പിഴ ഈടാക്കി.
അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരാവശ്യത്തിന് ഉപയോഗിച്ച 339 സ്ഥാപനങ്ങള്‍ക്കെതിരെയും പരിശോധന സമയം രേഖകള്‍ ഹാജരാക്കാത്ത ഒരു സ്ഥാപനത്തിനെതിരെയും രജിസ്‌ട്രേഷന്‍ എടുക്കാതെ ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്പന നടത്തിയ 15 സ്ഥാപനങ്ങള്‍ക്കെതിരെയും നിര്‍ദ്ദിഷ്ട പ്രഖ്യപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തിയ 9 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും മിന്നല്‍ പരിശോധന ശക്തമാക്കുന്നതാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്. ഷെയ്ക്ക് ഷിബു അറിയിച്ചു.
പരിശോധനയ്ക്ക് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി. ഷാമോന്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഷിന്റോ എബ്രാഹം, ഇന്‍സ്‌പെക്ടര്‍മാരായ എല്‍ദോ ജോര്‍ജ്ജ്, വിപിന്‍ യു വി, അബ്ദുള്ള എം എ, സജ്ഞയ് സോമന്‍ എന്നിവര്‍ നേത്യത്വം നല്‍കി. പരിശോധനയില്‍ എം എസ് ശ്രീകുമാര്‍, ജോണ്‍സണ്‍ സി സി, കെ. ഗോപകുമാര്‍, സനില്‍ കുമാര്‍ സി എസ്, അനീഷ് കുമാര്‍ കെ. എസ് , ജോസ് സി .ഇ , അനില്‍ കുമാര്‍ സി വി , ബഷീര്‍ വി മുഹമ്മദ്, ഹരീഷ് കെ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments