Skip to main content

കേന്ദ്രീയ വിദ്യാലയത്തിന്‍റെ നവീകരിച്ച കെട്ടിടത്തിന്‍റെ താക്കോല്‍ദാനം  നിര്‍വഹിച്ചു

കോന്നി കേന്ദ്രീയ വിദ്യാലയത്തിനായി അട്ടച്ചാക്കല്‍ സെന്‍റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നവീകരിച്ച് തയാറാക്കിയ കെട്ടിടങ്ങളുടെ താക്കോല്‍ദാനം നടന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.എല്‍.എയില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് താക്കോല്‍ ഏറ്റുവാങ്ങി. കോന്നി നിവാസികളുടെ സഹകരണത്തോടെയാണ് അട്ടച്ചാക്കല്‍ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഴയ        കെട്ടിടം അറ്റകുറ്റപ്പണി നടത്തി കേന്ദ്രീയ വിദ്യാലയത്തിനായി സജ്ജീകരിച്ചത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ നടത്തുന്നതിനായി അഞ്ച് ക്ലാസ് മുറികളും മൂന്ന് ക്ലാസ് മുറികള്‍ അധികമായും സജ്ജീകരിച്ചിട്ടുണ്ട്.  സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി ക്ലാസുകള്‍ ആരംഭിക്കും. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസിലേക്കുള്ള പ്രവേശനമാണ് ഈ വര്‍ഷം നടക്കുക. അഡ്മിഷനുള്ള അപേക്ഷകള്‍ അട്ടച്ചാക്കല്‍ സ്കൂളില്‍ ക്രമീകരിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഓഫീസില്‍ നിന്ന് ലഭ്യമാകും. ഈ മാസം പതിനെട്ട് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്‍ ചാര്‍ജ് പ്രവീണ്‍ പ്ലാവിളയില്‍, ജില്ലാ പഞ്ചായത്തംഗം പി.വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ അമ്പിളി, റോബിന്‍ പീറ്റര്‍, ലിസിമോള്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍   എലിസബത്ത് അബു, ഹരീഷ് ചന്ദ്രന്‍, പി.ആര്‍ ഗോപിനാഥന്‍, ഏബ്രഹാം വാഴയില്‍, ശശിധരന്‍ നായര്‍ കരിമ്പനാകുഴിയില്‍, അബ്ദുള്‍ മുത്തലീഫ്, സ്കൂള്‍ മാനേജര്‍ പി.വി ജസന്‍, ഹെഡ്മാസ്റ്റര്‍ പി.കെ ത്യാഗരാജന്‍, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ എന്‍. രാഗേഷ്, പി.ടി.എ പ്രസിഡന്‍റ് ഡി.കെ വിദ്യാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                             (പിഎന്‍പി 2298/18)

date