Skip to main content

പുന്നയൂർ പഞ്ചായത്തിലെ നീലംകടവ് റോഡിന് പുനർജീവൻ

ഉദ്ഘാടനം നാളെ (ഏപ്രിൽ 8)

പുന്നയൂർ പഞ്ചായത്തിലെ നവീകരിച്ച നീലംകടവ് റോഡ് ഏപ്രിൽ 8ന് നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018-ലെ പ്രളയകാലത്ത് വെള്ളത്താൽ ചുറ്റപ്പെട്ട് ഗതാഗതം സാധ്യമാവാതെ ഒറ്റപ്പെട്ട എടക്കര - പുന്നയൂർ ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് നീലംകടവ് റോഡ്. വർഷകാലത്ത് വെള്ളം കയറുന്നതിനാൽ ഗതാഗതയോഗ്യമല്ലായിരുന്നു. പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ക്രിയാത്മക വികസന കാഴ്ചപ്പാടോടെ ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നൽകിയതോടെയാണ് പ്രശ്നപരിഹാരമായത്.

 ഗ്രാമപഞ്ചായത്ത് 1.56 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 10 ലക്ഷം രൂപയും ചേർത്ത് 1.66 കോടി രൂപ  ചെലവഴിച്ച് ഈ റോഡ് ഒരു മീറ്ററോളം ഉയർത്തി ആവശ്യമായ ജലാഗമന നിർഗമന സംവിധാനങ്ങളോടെയാണ് നവീകരിച്ചത്.

850 മീറ്റർ നീളവും 3.75 മീറ്റർ വീതിയിൽ ടാറിങ്ങും ഒരു അടി വീതിയിൽ ഇരു വശങ്ങളിലുമായി കോൺക്രീറ്റിംഗ് ചെയ്തിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന കൾവർട്ട് പൊളിച്ച് പുതിയ കൾവർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഒരു കൾവർട്ട് പുതിയത് പണിത് നീരൊഴുക്കും ഗതാഗതവും സുഗമമാക്കി.

 നവീകരിച്ച നീലംകടവ് റോഡിന്റെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 9 മണിക്ക് എൻ കെ അക്ബർ എംഎൽഎ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയാകും.

 പുന്നയൂർ ഗ്രാമപഞ്ചായത്ത്   ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീം അഷ്റഫ്, ആരോഗ്യം- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ വിജയൻ, ആസൂത്രണ സമിതി അംഗങ്ങളായ വി സമീർ, കെ ബി ഫസറുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

date