Skip to main content
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന കിടങ്ങൂർ ബൈപ്പാസ്

കിടങ്ങൂർ ബൈപാസ് ഉദ്ഘാടനം ഇന്ന്

കോട്ടയം:  കിടങ്ങൂർ ബൈപാസ് റോഡിന്റെ ഉദ്ഘാടനം ഇന്ന്  . മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമാണം പൂർത്തിയായ 18 റോഡുകൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ആധുനിക നിലവാരത്തിൽ നവീകരിച്ച കിടങ്ങൂർ ബൈപാസും ഉദ്ഘാടനം ചെയ്യുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്  ഓൺലൈനായി അധ്യക്ഷത വഹിക്കും.

കട്ടച്ചിറ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ജോൺ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി മാത്യു, കിടങ്ങൂർ ഗ്രാമപഞ്ചായത്തംഗം രശ്മി രാജേഷ്, കോട്ടയം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, സിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി. കെ സന്തോഷ് കുമാർ,രാഷ്ടീയ പാർട്ടി പ്രതിനിധികളായ കെ എസ് ജയൻ,  സിറിയക് തോമസ്, വി കെ സുരേന്ദ്രൻ, എൻ.മഹേഷ് കുമാർ, ജോസ് തടത്തിൽ, തോമസ് മാളിയേക്കൽ, തുടങ്ങിയവർ സംസാരിക്കും.

മൂന്ന് കോടി രൂപ ചെലവിൽ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. കട്ടച്ചിറ ചാലക്കയം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നാട്ടുകാർ സൗജന്യമായി സ്ഥലം വിട്ടു നൽകിയിരുന്നു.

പഴയ റോഡ് പൂർണമായും പൊളിച്ചു മാറ്റി ജിഎസ്ബി /ഡബ്ല്യു.എം.എം ഉപയോഗിച്ച് പുതിയ അടിത്തറ നൽകി 3.80 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ഉപരിതലത്തോടെ നവീകരിച്ചു. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി ഇരുവശങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. റോഡ് സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവ ഉൾപ്പടെ എല്ലവിധ റോഡ് സുരക്ഷ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒരു കിലോമീറ്റർ ദൂരം വരുന്ന കട്ടച്ചിറ പള്ളിക്കടവ് റോഡും പൂർണമായും പൊളിച്ചുമാറ്റി നവീകരിച്ചിട്ടുണ്ട്.

 

date