വന സൗഹൃദ സദസ് വനാശ്രിത പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു: മന്ത്രി എ.കെ ശശീന്ദ്രന്‍
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 60 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് തസ്തികയില്‍ ജോലി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് വരികെയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനാശ്രിത പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി പഠനമുറികള്‍, പി.എസ്.സി പരിശീലനം, തേന്‍ സംസ്‌കരണ യൂണിറ്റ്, വനവിഭവങ്ങള്‍ക്ക് താങ്ങുവില തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പുഴ ലിന്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വനസൗഹൃദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് ജനങ്ങളുടേത് കൂടിയാണ്. ഏതൊരു സ്ഥലത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വര്‍ക്കിങ് പ്ലാന്‍ തയ്യാറാക്കുന്നതിന് മുന്‍പ് ജനങ്ങളുടെ നിലപാട് കൂടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനവുമായി ബന്ധപ്പെട്ട പല ആവശ്യങ്ങള്‍ക്കും പരിവേഷ് പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിവേഷ് പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കുന്നതിനുള്ള പരിശീലനം നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയ സമരങ്ങള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികളാണെന്നും നിയമപരമായ പ്രശ്്നങ്ങള്‍ക്ക് നിയമപരമായി പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.
വനാതിര്‍ത്തിയിലെ റീടാറിങ്ങിന് കാലതാമസമുണ്ടാകില്ല
വന സൗഹൃദ സദസിന് മുന്നോടിയായി നടന്ന വനസൗഹൃദ ചര്‍ച്ചയും നടന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള റോഡ് റീടാറിങ്ങിന് കാലതാമസം നേരിടുന്നുവെന്ന പരാതിയില്‍ റീടാറിങ്ങ് വൈകുന്ന രീതി ഇനി ഉണ്ടാകില്ലെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് രവീന്ദ്രന്‍ മറുപടി നല്‍കി. വനമേഖലയില്‍ മാലിന്യം വ്യാപകമായി തള്ളുന്നുവെന്ന പരാതിയ്ക്ക് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഒരുക്കുമെന്നും വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനായി അടിയന്തര സംഘങ്ങളെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഇക്കോ-ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അതുവഴി പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനസൗഹൃദ സദസില്‍ 47 അപേക്ഷകള്‍ ലഭിച്ചു,
15.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി
വനസൗഹൃദ സദസില്‍ 47 അപേക്ഷകള്‍ ലഭിച്ചു. വന്യജീവികളുടെ ആക്രമണംമൂലം മരണം, പരുക്ക്, കൃഷിനാശം എന്നിവ സംഭവിച്ച 24 പേര്‍ക്ക് 15.18 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് പേര്‍ക്ക് വനാതിര്‍ത്തിയിലുള്ള സ്വകാര്യ സ്ഥലങ്ങള്‍ക്കുള്ള നിരാക്ഷേപ പത്രവും മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു. ഇതോടൊപ്പം മരാധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ക്കുള്ള ലൈസന്‍സ് രണ്ട് പേര്‍ക്കും വന സംരക്ഷണ സമിതിക്കുള്ള ധനസഹായമായി 4.5 ലക്ഷം രൂപയും വിതരണം ചെയ്തു. ദേശീയ വനം കായികമേളയില്‍ മെഡല്‍ എട്ട് പേരെ ചടങ്ങില്‍ ആദരിച്ചു.
കാട്ടുപന്നി ശല്യം കുറക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക്
സാധിച്ചു: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്നമായ കാട്ടുപന്നിയുടെ ശല്യം കുറക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വന സൗഹൃദ സദസില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനങ്ങളില്‍ ഫല വൃഷങ്ങള്‍ കൂടുതലായി വച്ച് പിടിപ്പിച്ചാല്‍ കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് കുറയുമെന്നും കൂടാതെ തടയണകള്‍ കൂടുതലായി നിര്‍മ്മിച്ചാല്‍ അത് വെള്ളത്തിന് കൂടുതല്‍ സാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഒറ്റപ്പാലം സബ്കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, ഉത്തരമേഖല വന്യജീവി വിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി. മുഹമ്മദ് ഷബാബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വനസൗഹൃദ സദസ് ജില്ലയിലെ രണ്ടാം ഘട്ടം ഇന്ന്
വനസൗഹൃദ സദസിന്റെ ജില്ലയിലെ രണ്ടാം ഘട്ടം ഇന്ന് (ഏപ്രില്‍ 11) രാവിലെ 10.30 ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വി.കെ ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്തില്‍ ലത, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ജസീന, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം സലീം, അട്ടപ്പാടി തഹസില്‍ദാര്‍ എ. ഷാനവാസ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ, പാലക്കാട് സി.സി.എഫ്, ഇ.സി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
- Log in to post comments