Skip to main content

ലൈഫ് ഭവന പദ്ധതി: വീടുകളുടെ നിര്‍മാണം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കും

ലൈഫ് ഭവനപദ്ധതിയിലുള്‍പ്പെട്ട വീടുകളുടെ നിര്‍മാണം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് ലൈഫ് മിഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാബുകുട്ടന്‍ നായര്‍ നിര്‍ദേശം നല്‍കി. ഭവന പദ്ധതി പുരോഗതി സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 307 വീടുകളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുള്ളത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വീട് നിര്‍മാണം വൈകിപ്പിക്കരുതെന്നും ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം യോഗത്തില്‍ നിര്‍ദേശം നല്‍കി.
വിവിധ  പദ്ധതികളില്‍ വര്‍ഷങ്ങളായി  പൂര്‍ത്തീകരിക്കാതെ  കിടന്ന  2807 വീടുകളില്‍  2500 എണ്ണം  ജില്ലയില്‍  ഇതിനകം  പൂര്‍ത്തീകരിച്ചിട്ടുണ്ട്. മഴയും  പ്രകൃതി ക്ഷോഭവും  മൂലം  പൂര്‍ത്തീകരണത്തിന്  കാലതാമസം  വന്ന  ഗോത്ര  മേഖലകളില്‍  ഓഗസ്‌ററ് 31 നകം മുഴുവന്‍ വീടുകളും പൂര്‍ത്തീകരിക്കാന്‍ ജനകീയ മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. . തുക കൈപ്പറ്റിയിട്ടും മനപ്പൂര്‍വ്വം അലംഭാവം കാണിച്ച് പണി പൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമ  നടപടികള്‍  റവന്യൂ  വകുപ്പിന്റെ  സഹായത്തോടെ  സ്വീകരിക്കാന്‍   അതാത് തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങള്‍ക്ക്  നിര്‍ദ്ദേശം നല്‍കി .
                   100 % പദ്ധതികളും  പൂര്‍ത്തിയാക്കിയ  നിലമ്പുര്‍ , പൊന്നാനി , മലപ്പുറം , മങ്കട , വേങ്ങര , തിരുരങ്ങാടി ബ്ലോക്ക്  പഞ്ചായത്തുകളെയും  പെരിന്തല്‍മണ്ണ ,കോട്ടക്കല്‍ , നഗര സഭ കളെയും  43 ഗ്രാമ പഞ്ചായത്തുകളെയും യോഗത്തില്‍ അഭിനന്ദിച്ചു . 96 % പൂര്‍ത്തീകരിച്ച  ഫിഷറീസ്  വകുപ്പിനെയും യോഗത്തില്‍ പ്രശംസിച്ചു.
രണ്ടാംഘട്ട  പദ്ധതിയില്‍  ഭൂമിയുള്ള  ഗുണഭോക്താക്കളുടെ  ഭവന നിര്‍മാണത്തിന്  6060  ഗുണഭോക്താക്കളെയാണ്  ജില്ലയില്‍  അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. അവരില്‍ 4700 പേര്‍  കരാര്‍  വച്ചതില്‍  4091  പേര്‍ക്ക്   ആദ്യഗഡു വിതരണം  ചെയ്തു . എത്രയും  വേഗം  മുഴുവന്‍  പേര്‍ക്കും  പെര്‍മിറ്റ്  നല്‍കി  ആദ്യ  ഗഡു നല്‍കാനും യോഗത്തില്‍  നിര്‍ദ്ദശം  നല്‍കി .
തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഭവന നിര്‍മ്മാണത്തിന് ഇളവ് വേണ്ടവര്‍ക്ക് അതാത് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക  നിരീക്ഷണ  സമിതിയുടെ  ശുപാര്‍ശ  സഹിതം  ആര്‍ഡിഒ ക്ക്  സമര്‍പ്പിക്കാന്‍  നിര്‍ദ്ദേശം  നല്‍കി.
    സര്‍വെയില്‍  ഉള്‍പ്പെടാതെ  വന്ന  അര്‍ഹരായ  ഗുണാഭോക്താക്കളെ ഗ്രാമ  സഭാ  തീരുമാനത്തോടുകൂടി    സപ്ലിമെന്ററി  പട്ടികയില്‍  ഉള്‍പ്പെടുത്തണം . അവരെ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കൂടാതെ അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ടവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി  ലൈഫ്  ലിസ്റ്റില്‍  ഉള്‍പ്പെടുത്തും.     
ഭവന  നിര്‍മാണ  പെര്‍മിറ്റ്  നല്‍കുന്നതിന്  ഗുണഭോക്താക്കളെ  ബുദ്ധിമുട്ടിക്കരുത്. ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കള്‍കാവശ്യമായ മുഴുവന്‍ സഹായവും  ചെയ്തു കൊടുക്കണം. 2019  മാര്‍ച്ച്  31 നകം രണ്ടാം ഘട്ടമായുള്ള മുഴുവന്‍  പുതിയ  വീടുകളും  പൂര്‍ത്തീകരിക്കണം . പഴയകാല  പദ്ധതികള്‍  പോലെ  ഭാഗികമായി  നിര്‍മാണം  യാതൊരു കാരണവശാലും  അനുവദിക്കില്ലെന്ന് ഡെപ്യൂട്ടി ചീഫ് എകസിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
   റേഷന്‍  കാര്‍ഡ്  നമ്പറില്‍  തിരുത്തല്‍  വേണമെങ്കില്‍ എംഐഎസില്‍  അതാതു  തദ്ദേശ  സ്വയംഭരണ  സ്ഥാപനങ്ങള്‍ക്കു തന്നെ  തിരുത്തല്‍  വരുത്താം. ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവരെ പൊതു വിതരണ  വകുപ്പിന്റെ പരിശോധനയോടെ  മാനദണ്ഡങ്ങള്‍ക്ക്  വിധേയമായി  ലൈഫില്‍  ഉള്‍പ്പെടുത്തും. ലൈഫില്‍  വീടനുവദിച്ചവര്‍  കൈമാറ്റ  നിരോധനകരാര്‍       രജിസ്റ്റര്‍  ചെയ്യുന്നതിന്  പകരം  വെള്ള  പേപ്പറില്‍  സമ്മത  പത്രം  തയ്യാറാക്കി  ഡിജിറ്റല്‍  ലോക്ക്  ചെയ്യുന്നതിന്  പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സെക്രട്ടറി മാര്‍ക്കും ,നിര്‍വഹണ  ഉദ്യോഗസ്ഥര്‍ക്കും എംഐഎസ്     സംബന്ധമായ  പരിശീലനം നല്‍കുന്നതാണ്. മഴക്കെടുതിയില്‍  വീട് തകര്‍ന്നവര്‍ക്ക്  ദുരിതാശ്വാസ നിധിയില്‍ നിന്നാണ്  സഹായം  അനുവദിക്കുക. ജില്ലാ-ബ്ലോക്ക് വിഹിതങ്ങള്‍ രേഖപ്പെടുത്തി അതാത് തദ്ദേശ  സ്വയംഭരണ  സ്ഥാപനങ്ങള്‍  പദ്ധതി  ഭേദഗതി ചെയ്യാനും  യോഗത്തില്‍  നിര്‍ദ്ദേശിച്ചു .
ലൈഫ് മിഷന്‍ പ്രൊജക്റ്റ് മാനേജര്‍മാരായ എ.ഫൈസി, അനീഷ് ജില്ലാ  കോഡിനേറ്റര്‍ എം .ശ്രീഹരി , ജില്ലാ പഞ്ചായത്ത്  സെക്രട്ടറി  പ്രീതി മേനോന്‍ , ഡപ്യൂട്ടി  പ്ലാനിംഗ്  ഓഫീസര്‍  ശ്രീലത, എ .പി.ഒ നിബു  കുര്യന്‍, ഡി.ഡി.പി .ഖാലിദ്, തുടങ്ങിയവരും  വിവിധ  നഗര സഭാ സെക്രട്ടറിമാര്‍, ബി.ഡി.ഒ മാര്‍ ഗ്രാമ  പഞ്ചായത്തിലെ  നിര്‍വഹണ  ഉദ്യോഗസ്ഥരും  പങ്കെടുത്തു .

 

date