Skip to main content

സമഗ്ര ആരോഗ്യ വികസനം ലക്ഷ്യം: മുരിയാട് പഞ്ചായത്ത് ജീവധാര ആക്ഷൻ ടീമിനുള്ള ട്രെയിനിങ് പ്രോഗ്രാം നടന്നു.

സമഗ്ര ആരോഗ്യ വികസനം ലക്ഷ്യമിട്ട് മുരിയാട് ഗ്രാമപഞ്ചായത്ത് ജീവധാര പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ആക്ഷൻ ടീമിനുള്ള പരിശീലന പരിപാടി ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.  ജില്ലാ  ഭരണകൂടത്തിൽ നിന്നും എല്ലാ സഹകരണങ്ങളും കളക്ടർ വാഗ്‌ദനം ചെയ്തു. ആരോഗ്യരംഗത്ത് അടിസ്ഥാന വികസനം, രോഗപ്രതിരോധം, മാതൃ-ശിശു-വയോജന സംരക്ഷണം എന്നീ അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിനായി 12 ഇന കര്‍മ്മപദ്ധതിക്കാണ് പഞ്ചായത്ത് രൂപം കൊടുത്തത്.  ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യദായക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന നൂറുപേരടങ്ങുന്ന ആക്ഷന്‍ ടീമിനാണ് പരിശീലനം നൽകിയത്.

  ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സമ്പൂർണ്ണ സൗഖ്യം പദ്ധതി ലക്ഷ്യമിടുന്നു. സുരക്ഷിത ആഹാരം, നിദ്ര, വ്യായാമം, പരിസര ശുചിത്വം, ലഹരി വിമുക്തി, ശുദ്ധജലം എന്നിങ്ങനെ സമസ്ത മേഖലയിലും ശ്രദ്ധയൂന്നി വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

  ഇതിനോടനുബന്ധിച്ച് കുടുംബശ്രീ നിർമിക്കുന്ന കുടകളുടെ ലോഗോ പ്രകാശനം കളക്ടർ നിർവഹിച്ചു.  
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കെ യു വിജയൻ,  ബാലചന്ദ്രൻ, സുധീർ സെബാസ്റ്റ്യൻ, രതി ഗോപി, സരിത സുരേഷ്, ശ്രീജിത്ത് പട്ടത്ത്, സുനിത രവി, കേസരിമേനോൻ, നന്ദന തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ബാലചന്ദ്രൻ, ഭാസുരംഗൻ, സന്തോഷ് ബാബു  എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

date