Skip to main content
ഫോട്ടോ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സജ്ജീകരിച്ച മോട്ടോര്‍ വാഹന വകുപ്പ് സ്റ്റാള്‍.

ഡ്രൈവിങ് പഠിക്കണോ? സഹായിക്കാന്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആര്‍.ടി.എ സ്റ്റാളുണ്ട് ഡ്രൈവിങ് പഠിക്കാന്‍ സിമുലേറ്റര്‍ സംവിധാനം

ഡ്രൈവിങ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സഹായവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആര്‍.ടി.ഒ സ്റ്റാള്‍. ഇതിനായി റോഡിലൂടെ വാഹനം ഓടിക്കുന്ന അനുഭൂതി സൃഷ്ടിക്കുന്ന സിമുലേറ്റര്‍ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രൈവര്‍ വാഹനത്തില്‍ കയറിയാല്‍ സ്‌ക്രീനില്‍ റോഡ് വ്യക്തമാകും. റോഡില്‍ ഓടിക്കുന്ന അതേ മാതൃകയില്‍ സിമുലേറ്ററില്‍ ഇരുന്ന് വാഹനം ഓടിക്കാം. ക്ലച്ചും ബ്രേക്കും ആക്‌സിലേറ്ററുമെല്ലാം നിയന്ത്രിച്ച് വേണം വാഹനം ഓടിക്കാന്‍. റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെല്ലാം സ്‌ക്രീനില്‍ തെളിയും. ഡ്രൈവിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമൊരുക്കുന്നതോടൊപ്പം ഡ്രൈവിങ് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എങ്ങനെ വാഹനം ഓടിക്കാം എന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്ര-നാല് ചക്ര വാഹനങ്ങളുടെ സിമുലേറ്ററുകള്‍ സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
 

ആര്‍.ടി.ഒ സ്റ്റാളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനവും സൗജന്യ കണ്ണ് പരിശോധനയും

1935ലെ മോഡലായ ഓസ്റ്റിന്‍-10 വാഹനം മുതല്‍ പോഷേ, എഥര്‍ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനമാണ് മറ്റൊരു ആകര്‍ഷണം. നേത്രാരോഗ്യത്തിനായി സൗജന്യ കണ്ണ് പരിശോധന ക്യാമ്പും ആര്‍.ടി.ഒ സ്റ്റാളിലെ സേവനങ്ങള്‍ പരിചയപ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്. അറിവിന്റെ വേദിയായി മേളയെ മാറ്റുന്നതിനായി ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ഹെല്‍മറ്റുകളും കുട്ടികള്‍ക്കായി പുസ്തകം, പേന തുടങ്ങിയ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ മുഖേനെ ദേശീയപാത 544 ലെ തത്സമയ ദൃശ്യങ്ങള്‍ സ്റ്റാളില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ കാണാം. സീറ്റ് ബെല്‍റ്റ്- ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍, ലൈന്‍ ട്രാഫിക് ലംഘനം തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് പൊതുജനങ്ങളെ ബോധവത്ക്കരിക്കുകയാണ് സ്റ്റാളിലൂടെ ലക്ഷ്യമിടുന്നത്.
 

date